പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. മലയാളമനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചിത്രത്തില്‍ അനാവശ്യമായി കത്രിക വെക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.
സിനിമ കുഞ്ഞാലി മരക്കാറിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് മരക്കാരുടെ പിന്മുറക്കാരിയായ കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശി മുഫീദ അറാഫത്ത് മരക്കാറാണ് കോടതിയെ സമീപിച്ചത്.
ചിത്രത്തില്‍ കുഞ്ഞാലി മരക്കാറുടെ ജീവിതം വളച്ചൊടിച്ചാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മുഫീദ ഹര്‍ജിയില്‍ ആരോപിക്കുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സമുദായ സൗഹൃദം തകര്‍ക്കുമെന്നും ക്രമസമാധാനം തകരുമെന്നും ഹര്‍ജിയില്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിനായി വൈഡ് റിലീസ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. മാര്‍ച്ച് 26-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും സാങ്കേതികത്തികവോടെയായിരിക്കും മരക്കാര്‍ ഒരുക്കുകയെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിന് പുറമെ പ്രഭു, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, ഫാസില്‍, കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.