മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് അഞ്ചാം പാതിരാ. കേരളത്തിലെ തീയേറ്ററുകളിലെല്ലാം വിജയം കൊയ്ത ചിത്രം ഇപ്പോള്‍ ചൈന്നെയിലും വിജയക്കുതിപ്പ് തുടരുകയാണ്.
റിലീസ് ചെയ്ത് നാലാം ആഴ്ചയിലും ചെന്നൈയില്‍ അഞ്ചാം പാതിരാ വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്. കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് ജനുവരി 17-ന് ചെന്നൈയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. എന്നിട്ട് പോലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
നിവിന്‍ പോളി നായകനായ പ്രേമമാണ് ഇതിന് മുമ്പ് തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച മലയാള ചിത്രം. 100 ദിവസമാണ് ചിത്രം ചെന്നൈയിലെ നാല് സെന്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.
അതേസമയം, കേരളത്തിലും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനകം തന്നെ അന്‍പത് കോടിക്ക് മുകളില്‍ പ്രദര്‍ശനം നേടിക്കഴിഞ്ഞു. അഞ്ചാം വാരത്തില്‍ തന്നെ അന്‍പത് കോടി കലക്ട് ചെയ്ത കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
കുഞ്ചാക്കോയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് അഞ്ചാം പാതിരാ. താരത്തിന്റെ ഒരു ഇമേജ് ബ്രേക്കറാണ് ചിത്രത്തിലെ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രം. ചോക്കളേറ്റില്‍ നിന്ന് ഡാര്‍ക്ക് ചോക്കളേറ്റിലേക്ക് എന്നാണ് കുഞ്ചാക്കോ ബോബന്‍ തന്നെ ഈ മാറ്റത്തെ വിശേഷിപ്പിച്ചത്.
മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. സീരിയല്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും വേഷമിടുന്നു.