പക്കാ മമ്മൂട്ടി ഷോ - ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഷൈലോക്ക് ഇത്രയുമാണ്. കുറച്ച് കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും തീയേറ്ററിനെ ആഘോഷത്തിലേക്ക് തിരിച്ച് കൊണ്ട് പോവുകയാണ് ഷൈലോക്കിലൂടെ. ഒരു സ്റ്റൈലിഷ് ചിത്രം ഓഫര്‍ ചെയ്യുന്നതായിരുന്നു സിനിമയുടെ പോസ്റ്ററുകളും ട്രൈലറും. ആ പ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്താത്തതാണ് ചിത്രം.
സിനിമാ നിര്‍മാതാക്കള്‍ക്ക് പണം കടം നല്‍കുന്ന ഒരു കൊള്ളപ്പലിശക്കാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോസ് എന്നും ഷൈലോക്ക് എന്നുമൊക്കെ അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. ബോസില്‍ നിന്ന് വലിയ തുക കടം വാങ്ങി പ്രതാപന്‍(ഷാജോണ്‍) ഒരു സിനിമ നിര്‍മിക്കുന്നു. എന്നാല്‍ അവധി കഴിഞ്ഞിട്ടും പ്രതാപന്‍ പണം തിരിച്ചു നല്‍കുന്നില്ല. പണം തിരിച്ച് വാങ്ങിക്കാന്‍ ബോസ് നേരിട്ട് വരുന്നത് മുതലാണ് ചിത്രത്തിന്റെ ആരംഭം.
ആദ്യം പറഞ്ഞത് പോലെ, ആദ്യാവസാനം മമ്മൂട്ടിയുടെ ഷോയാണ് ഷൈലോക്ക്. മമ്മൂട്ടിയുടെ എടുപ്പും നടപ്പും സ്റ്റൈലും പരമാവധി ഉപയോഗിച്ച് കൊണ്ടാണ് ചിത്രം പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. നര്‍മത്തിനുള്ള ഒരുപാട് അവസരങ്ങളും മമ്മൂട്ടി രസകരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കറുത്ത കോസ്റ്റിയൂമും കൂളിംഗ്ലാസും ലളിതവും ചടുലവുമായ ആക്ഷനുമായി മമ്മൂട്ടി ചിത്രത്തെ മുഴുവനായി ഏറ്റെടുത്തിരിക്കുന്നു.
പ്രതാപന്റെ സുഹൃത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ ഫെലിക്‌സ് ജോണ്‍ ആയി വേഷമിട്ടിരിക്കുന്നത് സിദ്ദീഖ് ആണ്. സിനിമയക്ക് പുറമെ റിയല്‍ എസ്റ്റേറ്റ്, ബിനാമി ഇടപാടുകള്‍, തുടങ്ങി നിരവധി ബിസിനസുകള്‍ നിയമത്തെ വെട്ടിച്ച് ഒന്നിച്ച് ചെയ്യുന്നവരാണ് പ്രതാപനും ഫെലിക്‌സും. ബോസും ഇവരും തമ്മില്‍ നടക്കുന്ന ബിസിനസ് യുദ്ധമാണ് ആദ്യ പകുതി. തമാശയുടെയും ആക്ഷന്റെയും അകമ്പടിയോടെ പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ ഒരു കിടിലന്‍ ഇന്റര്‍വെല്‍ പഞ്ചോടെയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത്.
രണ്ടാം പകുതി ബോസിന്റെ ഫ്‌ളാഷ് ബാക്കോടെയാണ് തുടങ്ങുന്നത്. ഇവിടെയും അയാളുടെ പേരിന് പ്രസക്തിയില്ല. വാല്‍ എന്നാണ് ആളുകള്‍ അയാളെ വിളിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന ഫ്‌ളാഷ് ബാക്ക് സീനുകളില്‍ മമ്മൂട്ടി മറ്റൊരു ഗെറ്റപ്പില്‍ എത്തുന്നു. ആക്ഷനും തമാശയും തന്നെയാണ് ഇവിടെയും ലീഡ് ചെയ്യുന്നതെങ്കിലും അല്‍പ്പം ഫാമിലി എലമെന്റ് കൂടെ ഫ്‌ളാഷ്ബാക്കില്‍ വരുന്നുണ്ട്.
അജയ് വാസുദേവിന്റെ മറ്റു ചിത്രങ്ങളുടെ മൂഡ് തന്നെയാണ് ഷൈലോക്കിനും. എന്നാല്‍ മുന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ എന്റര്‍ടൈനിംഗ് ആയി ഷൈലോക്കിനെ ഒരുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
രണദൈവിന്റെ വിഷ്വല്‍സ് ആണ് ഷൈലോക്കിനെ മനോഹരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മമ്മൂട്ടിയുടെ സൗന്ദര്യവും ആകാരവും അത്രയും മനോഹരമായി രണദൈവ് പകര്‍ത്തിയിരിക്കുന്നു. ആക്ഷന്‍ രംഗങ്ങളെയും പാട്ടുകളെയും രണദൈവിന്റെ ക്യാമറ കൂടുതല്‍ ഭംഗിയുള്ളതാക്കി.
ചിത്രത്തിന്റെ ആക്ഷന്‍ കൊറിയൊഗ്രഫിയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. മമ്മൂട്ടിക്ക് അനുയോജ്യമായ ലളിതവും എന്നാല്‍ ചടുലവുമായ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു മാസ് ചിത്രത്തിന് വേണ്ട വിധത്തില്‍ ഗംഭീരമായും എന്നാല്‍ നീണ്ടു പോവാതെയും ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.
ഗോപീ സുന്ദറിന്റെ പാട്ടുകള്‍ കുറച്ച് കൂടെ മെച്ചപ്പെടുത്താമായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും അല്‍പം കൂടി കെട്ടുറപ്പുള്ളതാക്കാമായിരുന്നു.
തമിഴ് നടന്‍ രാജ് കിരണിന്റെ പ്രകടനം ചിത്രത്തില്‍ എടുത്ത് പറയേണ്ടതാണ്. ഒരു കരുത്തുറ്റ വേഷത്തിലാണ് രാജ് കിരണ്‍ മലയാളത്തിലെത്തിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ സ്‌ക്രീന്‍ നിറഞ്ഞ് ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ രാജ് കിരണിന് സാധിച്ചിട്ടുണ്ട്.
ബൈജുവിന്റെയും ഹരീഷ് കണാരന്റെയും തമാശകളും നന്നായിട്ടുണ്ട്. വില്ലന്മാരായ സിദ്ദീഖ്, ഷാജോണ്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.