ലില്ലി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ പ്രശോഭ് വിജയന്‍, അഞ്ചാം പാതിരായ്ക്ക് ശേഷം മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഒരു ത്രില്ലര്‍ ചിത്രം, ജയസൂര്യ തുടങ്ങിയവയാണ് 'അന്വേഷണം' എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷ നല്‍കാനുള്ള പ്രധാന ഘടകങ്ങള്‍. ചിത്രം ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ഒരു ആശുപത്രിയില്‍ ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. അരവിന്ദ് എന്ന ന്യൂസ് ചാനല്‍ അവതാരകനായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഭാര്യ കവിതയായി ശ്രുതി രാമചന്ദ്രനെത്തുന്നു. ഇവരുടെ മകന്‍ അശ്വിന്‍ അരവിന്ദിന് ഒരു അപകടം പറ്റുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അശ്വിന് പറ്റിയത് ഒരു അപകടമല്ലെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും കേസില്‍ ഇടപെടുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ആ രാത്രി തന്നെ പൊലീസ് നടത്തുന്ന അന്വേഷണവും കണ്ടെത്തലുമാണ് ചിത്രം.
വളരെ സംഘര്‍ഷാവസ്ഥയില്‍ സിനിമയിലൂടനീളം നില്‍ക്കേണ്ടി വരുന്ന അരവിന്ദന്റെ റോള്‍ ജയസൂര്യ ഭംഗിയായി ചെയ്തിരിക്കുന്നു. വൈകാരിക രംഗങ്ങളും കൈവിട്ട് പോവാതെ ജയസൂര്യ ഭദ്രമാക്കുന്നുണ്ട്. നായിക ശ്രുതി രാമചന്ദ്രനും തന്റെ ഭാഗം ഭംഗിയാക്കി.
വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ അവതരണം. അരവിന്ദന്റെ വീടിന്റെ ഹാളില്‍ വച്ച ഒരു അക്വേറിയത്തിനുള്ളിലൂടെ ആ കുടുംബത്തെ പരിചയപ്പെടുത്തുന്നതാണ് ടൈറ്റില്‍ സീന്‍. കുടുംബത്തിന്റെ സന്തോഷവും പരസ്പര സ്നേഹവും ടൈറ്റില്‍ സീനില്‍ കാണിക്കുന്നു. പിന്നീട് ഈ അക്വേറിയം തന്നെ സിനിമയുടെ നിര്‍ണായക ഭാഗത്ത് വരുന്നുണ്ട്.
നോണ്‍ ലീനിയറായ രീതിയില്‍ ഒരു റാഷമോന്‍ നരേഷനിലാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. ഒരേ സംഭവങ്ങള്‍ തന്നെ വ്യത്യസ്ത കഥാപാത്രങ്ങള്‍ അവരുടേതായ വെര്‍ഷനിലാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഓരോ കഥാപാത്രങ്ങളില്‍ നിന്നുമായി ചുരുളഴിയുന്ന വിവിധ സംഭവങ്ങളെ കൂട്ടിച്ചേര്‍ത്ത് പ്രേക്ഷകരും ഏറെക്കുറെ അന്വേഷണത്തില്‍ പങ്കാളുകളാവുന്നു. ഏറെ ചോദ്യങ്ങളുയര്‍ത്തുന്ന ഈ അന്വേഷണത്തിന്റെ പാരമ്യതയിലാണ് ആദ്യ പകുതി അവസാനിക്കുന്നത്. പ്രേക്ഷകരെ സസ്പെന്‍സില്‍ നിര്‍ത്താനും ഒരു ത്രില്ലറിന്റെ മൂഡ് ഉണ്ടാക്കിയെടുക്കാനും ചിത്രത്തിന്റെ ആദ്യ പകുതിയില്‍ സാധിച്ചിട്ടുണ്ട്.
രണ്ടാം പകുതിയില്‍ ചോദ്യങ്ങളുടെ ഉത്തരം തേടലാണ്. കുറച്ച് ഫാമിലി എലമെന്റുകളും വൈകാരിക രംഗങ്ങളും കൂടി രണ്ടാം പകുതിയില്‍ വരുന്നുണ്ട്. ചിത്രം പ്രേക്ഷക പ്രതീക്ഷകളെ തെറ്റിച്ച് കൊണ്ടുള്ള ക്ലൈമാക്സ് തരുന്നുണ്ടെങ്കിലും ക്ലൈമാക്സ് പഞ്ച് കുറച്ച് കൂടെ ത്രില്ലിംഗ് ആക്കാമായിരുന്നു. ഒരു ഫാമിലി മെസേജ് കൂടി ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്.
സുജിത് വാസുദേവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ ഇരുണ്ട മൂഡും ഡിസ്‌കംഫേട്ടും സുജിത്ത് നന്നായി പകര്‍ത്തിയിട്ടുണ്ട്. സുജിത്തിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഛായാഗ്രഹണം അല്‍പം കൂടെ മെച്ചപ്പെടുത്താമായിരുന്നു. ജേക്സ് ബിജോയിയുടെ സംഗീതം ചിലയിടങ്ങളില്‍ സിനിമയ്ക്കൊപ്പം എത്തിയില്ല.
ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥയായെത്തുന്ന ലിയോണയുടെ റോളും എടുത്ത് പറയേണ്ടതാണ്. ആദ്യ പകുതിയിയിലെ ലിയോണയുടെ പ്രകടനം വളരെ ഗംഭീരമായിട്ടുണ്ട്. ലെനയാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. സോണി എന്ന നഴ്സിംഗ് സ്റ്റാഫ് ആയാണ് ലെന ചിത്രത്തിലെത്തുന്നത്. സിനിമയുടെ നരേഷന്‍ ലെനയിലൂടെ കൂടിയാണ് മുന്നോട്ട് പോവുന്നത്. നന്ദു, ലാല്‍, വിജയ് ബാബു, ജയ് വിഷ്ണു എന്നിവരും നന്നായി തന്നെ അഭിനയിച്ചു.