'ചുറ്റിക കൊണ്ട് ആളുകളുടെ തലയ്ക്കടിക്കുമ്പോള്‍ തലയോട്ടി പൊളിയുന്ന ഒരു ശബ്ദം കേള്‍ക്കാം. അതോടൊപ്പം ജനങ്ങളുടെ നിലവിളിയും കൂടിയാവുമ്പോള്‍ വല്ലാത്തൊരു ലഹരിയാണ്. ആ ലഹരിക്ക് വേണ്ടിയാണ് ഞാന്‍ വീണ്ടും വീണ്ടും കൊല്ലുന്നത്.' - ഇന്ദ്രന്‍സ് അവതരിപ്പിച്ച റിപ്പര്‍ രവി എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗിലൂടെയാണ് പ്രേക്ഷകര്‍ 'അഞ്ചാം പാതിരാ' എന്ന ചിത്രത്തിലേക്ക് പ്രവേശിക്കുന്നത്. എന്താണ് വരാന്‍ പോവുന്നത് എന്ന് പ്രേക്ഷകര്‍ക്ക് മുന്നറയിപ്പ് നല്‍കുകയാണ് രവിയുടെ കഥാപാത്രത്തിലൂടെ. ആ ഭീകരതയാണ് പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ നിന്ന് ലഭിക്കുന്നതും.
അന്‍വര്‍ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റിലൂടെയാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്. കൊച്ചിയില്‍ തിരക്കുള്ള ഒരു സൈക്കോളജിസ്റ്റ് ആണെങ്കിലും പൊലീസില്‍ ഒരു കണ്‍സള്‍ട്ടന്റ് ക്രിമിനോളജിസ്റ്റ് ആയി ജോലി ചെയ്യണമെന്നാണ് അന്‍വര്‍ ഹുസൈനിന്റെ അഭിലാഷം. അതിന് വേണ്ടിയാണ് റിപ്പര്‍ രവിയെ പോലുള്ളവരെക്കുറിച്ച് അന്‍വര്‍ പഠനം നടത്തുന്നത്.
എ.സി.പി അനിലുമായുള്ള സൗഹൃദം കാരണം അന്‍വറിന് ക്രൈം സീനുകളില്‍ പോവാനും അവിടെ പരിശോധന നടത്താനും സൗകര്യം ലഭിക്കുന്നു. അങ്ങനെയിരിക്കെയാണ് ഡി.വൈ.എസ്.പി അബ്രഹാം കോശി ഒരു ദിവസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ക്രൈം സീനില്‍ എ.സി.പി അനിലിനൊപ്പം അന്‍വറും എത്തുന്നു. ഹൃദയവും കണ്ണും തുരന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിതവും ഉദ്വേഗഭരിതവുമായ സംഭവങ്ങളാണ് അഞ്ചാം പാതിരായുടെ പ്ലോട്ട്.
ആന്‍മരിയ കലിപ്പിലാണ്, ആട് ഒരു ഭീകര ജീവിയാണ്, അലമാര തുടങ്ങിയ കോമഡി/ഫീല്‍ഗുഡ് ചിത്രങ്ങളിലൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകനെ നമുക്ക് പരിചയം. കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമാണെങ്കിലും മിഥുനിലുള്ള വിശ്വാസമാണ് പ്രേക്ഷകരെ തീയേറ്ററിലെത്തിച്ചത്. തന്റെ യഥാര്‍ത്ഥ താല്‍പര്യം ത്രില്ലറിലാണെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ പ്രേക്ഷകരോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ചിത്രമാണ് മിഥുന്‍ ഒരുക്കിയിരിക്കുന്നത്. ഒരിടത്തും കൈവിട്ട് പോവാതെ കൃത്യമായ ചേരുവകള്‍ സമന്വയിപ്പിച്ച് തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാക്കി അഞ്ചാം പാതിരായെ മാറ്റിയിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. പഴുതുകളില്ലാതെ പ്രേക്ഷകനെ ആദിമധ്യാന്തം പിടിച്ചിരുത്തുന്ന തിരക്കഥ ചിത്രത്തന് വലിയ കരുത്ത് നല്‍കുന്നുണ്ട്. ഓരോ സസ്‌പെന്‍സ് ചുരുളഴിയുമ്പോഴും പ്രേക്ഷകര്‍ക്കായി അടുത്ത സസ്‌പെന്‍സ് കരുതിവെക്കുന്നുണ്ട് സംവിധായകന്‍. ചിത്രത്തിലുടനീളം ഭയത്തിന്റേതായ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും മിഥുന്‍ വിജയിച്ചിട്ടുണ്ട്.
വെളിച്ചവും ക്യാമറയും കൊണ്ട് മാജിക് തീര്‍ത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്. നിഴലുകള്‍, ഇരുട്ട്, ചുവന്ന വെളിച്ചം തുടങ്ങി ഷൈജു ഖാലിദ് സൃഷ്ടിച്ചെടുത്ത ത്രില്ലറിന്റേതായ ഒരു ഭീകര അന്തരീക്ഷം ആസ്വാദനത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്.
സുഷിന്‍ ശ്യാമിന്റെ സംഗീതമാണ് ചിത്രത്തിന് ലഭിച്ച മറ്റൊരു അനുഗ്രഹം. ഓരോ രംഗത്തിനും, ഓരോ മൂഡിനും ഏറ്റവും അനുയോജ്യമായ സംഗീതമാണ് സുഷിന്‍ ചിത്രത്തിന് വേണ്ടി തയ്യാറാക്കിയത്. ചിത്രത്തില്‍ പാട്ടുകള്‍ ഒന്നും തന്നെയില്ല.
കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തിലെ നായകനെങ്കിലും എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഓരോ കഥാപാത്രത്തെയും പ്രേക്ഷക മനസില്‍ പതിപ്പിച്ച് തന്നെയാണ് കഥ മുന്നോട്ട് പോവുന്നത്. അന്‍വര്‍ ഹുസൈന്‍ എന്ന തന്റെ കഥാപാത്രം കുഞ്ചാക്കോ ബോബന്‍ ഭംഗിയായി നിര്‍വഹിച്ചു. കുഞ്ചോക്കോയുടെ റൊമാന്റിക്/കോമഡി ഇമേജില്‍ നിന്ന് ബ്രേക്ക് നല്‍കുന്ന വേഷമാണ് അഞ്ചാം പാതിരായിലെ അന്‍വര്‍ ഹുസൈന്‍.
ഉണ്ണിമായ അവതരിപ്പിച്ച ഡി.സി.പി കാതറിന്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്. ഗംഭീര പ്രകടനവും സ്‌ക്രീന്‍ പ്രസന്‍സുമാണ് ഉണ്ണിമായ ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കുറച്ച് സമയേ ഉള്ളുവെങ്കിലും ജാഫര്‍ ഇടുക്കിയുടെ കഥാപാത്രവും മികച്ചതായി. ശ്രീനാഥ് ഭാസിയുടെ കമ്പ്യൂട്ടര്‍ ഹാക്കറുടെ റോളും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നുണ്ട്. ഇന്ദ്രന്‍സ്, സുധീഷ്, ജിനു ജോസഫ്, നന്ദന വര്‍മ, ഷറഫുദ്ദീന്‍, അഭിരാം, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.