ആയിരങ്ങള്‍ക്ക് നടുവില്‍ ഒരു വാനിന് മുകളില്‍ ദളപതി വിജയ്. കഴിഞ്ഞ ദിവസങ്ങളില്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട ഐക്കണിക് ചിത്രങ്ങളിലൊന്നായിരുന്നു അത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഗ്രാഫിക്കല്‍ പോസറ്ററും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുകയാണ്.
ഡിജിറ്റല്‍ ആര്‍ടിസ്റ്റ് ആയ ഗൗതം ജെ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിന്‍ഡ്രല്ല, കാന, റെഡ്രം തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളുടെ ഡിസൈനറാണ് ഗൗതം. ഏങ്കള്‍ ദളപതി എന്ന ടൈറ്റിലിലാണ് പോസ്റ്റര്‍.
കഴിഞ്ഞ ദിവസം മാസ്റ്ററിന്റെ ലൊക്കേഷനില്‍ വച്ചാണ് ചിത്രത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. നെയ്‌വേലിയിലെ സെറ്റില്‍ വച്ച് തടിച്ച് കൂടിയ ആരാധകര്‍ക്ക് നടുവില്‍ ഒരു വാനിന് മുകളില്‍ കയറി വിജയ് സെല്‍ഫി പകര്‍ത്തുകയായിരുന്നു.
ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ട് വിജയ്യെ ആദായ നികുതി വകുപ്പ് 35 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിജയ്യുടെ കൈവശം അനധികൃതമായി പണമൊന്നും കണ്ടെത്താതെയാണ് ആദായ നികുതി വകുപ്പ് മടങ്ങിയത്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മാസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നാണ് താരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.
താരത്തിനെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരാധകരുടെ ആരോപണം. സര്‍ക്കാരിനെതിരെ തന്റെ ചിത്രത്തിലൂടെ പ്രതികരിക്കുന്നതാണ് വിജയ്യെ ടാര്‍ജറ്റ് ചെയ്യാനുള്ള കാരണമെന്ന് ആരാധകര്‍ പറയുന്നു. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയ്ക്കെതിരെയുള്ള സംഭാഷണത്തിന്റെ പേരില്‍ മെര്‍സല്‍ എന്ന ചിത്രം വിവാദമായിരുന്നു. താരത്തിന്റെ പല ചിത്രങ്ങള്‍ക്കെതിരെയും നേരത്തെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഇതിനിടെ ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് തടയാനും ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായിരുന്നു.
ആ അവസരത്തിലാണ് വിജയ് തന്റെ ആരാധകരെ അഭിസംബോധന ചെയ്ത് മാസ് ആയത്.