ജൂഹി രുസ്തഗിയെ അറിയാത്ത മലയാളം യൂട്യൂബ്/ടെലിവിഷന്‍ പ്രേക്ഷകര്‍ കുറവായിരിക്കും. ഉപ്പും മുളകും എന്ന ഹിറ്റ് സീരീസിലെ ലച്ചുവായി വന്ന് ആരാധകരെ സൃഷ്ടിച്ച നടിയാണ് ജൂഹി. ഉപ്പും മുളകിലെ വിവാഹ എപ്പിസോഡുകള്‍ക്ക് ശേഷം പക്ഷേ ലച്ചുവിനെ സീരീസില്‍ കണ്ടിട്ടില്ല. ഇതോടെ ലച്ചു ഇനി ഉപ്പും മുളകിലും അഭിനയിക്കില്ലേ എന്നായിരുന്നു ആരാധകരുടെ ആശങ്ക.
ഇപ്പോഴിതാ അക്കാര്യം വ്യക്തമാക്കി ജൂഹി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഉപ്പും മുളകും പരിപാടിയില്‍ താന്‍ ഇനി അഭിനയിക്കുന്നില്ല എന്നാണ് താരം വ്യക്തമാക്കിയത്. സീരീസിന്റെ തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പഠനത്തിലേക്ക് തിരിച്ച് പോവണമെന്നും ജൂഹി പറയുന്നു.
താരം പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിലൂടെയാണ് ജൂഹി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യം ഞാന്‍ ഇനി ഉപ്പും മുളകിലേക്കും ലെച്ചുവായി വരുമോ? വരുന്നില്ലേ? എന്നൊക്കെയാണ്. അതും കൂടി വ്യക്തമാക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലും ഞാന്‍ തിരിച്ചില്ല. കാരണം വേറൊന്നുമല്ല, ഷൂട്ടും പ്രോഗ്രാമും കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും പരമ്പര ഉപേക്ഷിക്കാന്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു.'- താരം പറഞ്ഞു.
സിനിമയില്‍ നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും കൂടുതല്‍ യാത്ര ചെയ്യാനായി സമയം ചെലവഴിക്കുമെന്നും ജൂഹി പറഞ്ഞു. യാത്രകളുടെ വീഡിയോ ആരാധകര്‍ക്ക് പങ്കുവെക്കാനായി പുതിയ യൂട്യൂബ് ചാനല്‍ ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം.
'അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര ചെയ്യുക എന്നത്. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. ഞാന്‍ മാത്രം പോയിട്ട് കാര്യമില്ല. ഞാന്‍ നിങ്ങളെയും കൊണ്ട് പോകും. അതിന് വേണ്ടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ട്. പര്‍പ്പസ് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ഓരോ വ്യത്യസ്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വീഡിയോസും അവിടുത്തെ വിശേഷങ്ങളും പ്രത്യേകതകളുമൊക്കെ യൂട്യൂബ് ചാനലിലൂടെ പുറത്ത് അറിയിക്കുന്നതായിരിക്കും.' ജൂഹി പറയുന്നു.