പ്രതിഫല തര്‍ക്കം മൂലം ചിത്രീകരണം മുടങ്ങിയ ചിത്രം വെയിലിന്റെ നിര്‍മാതാവിന് കത്തയച്ച് ഷെയ്ന്‍ നിഗം. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും നിര്‍മാതാവ് ജോബി ജോര്‍ജിനയച്ച കത്തില്‍ ഷെയ്ന്‍ പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് സ്വീകരിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നുമാണ് ജോബി ജോര്‍ജിന്റെ പ്രതികരണം.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മുടങ്ങുകയും വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ച നേരത്തേ പരാജയപ്പെട്ടിരുന്നു. മുടങ്ങിയ ചിത്രങ്ങളായ ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടങ്ങള്‍ക്ക് പരിഹാരമായി ഷെയ്ന്‍ നിഗം നിര്‍മാതാക്കള്‍ക്ക് ഒരു കോടി രൂപ നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.