ഹിറ്റ് മേക്കര്‍ എ.ആര് മരുകദോസ് സംവിധാനം ചെയ്ത രജനീകാന്തിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ചിത്രം ദര്‍ബാര്‍ നിയമവിരുദ്ധമായി ചാനലിലൂടെ പ്രക്ഷേപണം ചെയ്തെന്ന് നിര്‍മാതാക്കളുടെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
മധുര ആസ്ഥാനമാക്കിയുള്ള പ്രാദേശിക ചാനലായ ശരണ്യ ടി.വി ഇന്നലെ വൈകിട്ട് ചിത്രം അനധികൃതമായി പ്രക്ഷേപണം ചെയ്തെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ചാനലിനെതിരെ മധുരൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും നിര്‍മാതാക്കള്‍ അറിയിച്ചു.
ഇത്തരം സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും സിനിമാ മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും ലൈക്ക പ്രൊഡക്ഷന്‍സ് പറഞ്ഞു.
ഈ മാസം ഒന്‍പതിന് റിലീസ് ചെയ്ത ദര്‍ബാര്‍ ബോക്സ് ഓഫിസില്‍ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. രജനിയും എ.ആര് മുരുകദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ബോളിവുഡ് നടന് സുനില്‍ ഷെട്ടിയാണ് വില്ലന്‍. നിവേദ തോമസ്, നയന്‍താര, യോഗി ബാബു, തമ്പി രാമയ്യ, നവാബ് ഷാ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീതം.