കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വിവാദത്തില്‍ ആഷിഖ് അബുവിനെ പിന്തുണച്ച് നിര്‍മാതാവിന്റെ കുറിപ്പ്. ആഷിഖിനെ പോലുള്ളവര്‍ക്ക് പണം കൈകാര്യം ചെയ്ത് പരിചയമില്ലെന്നും മറ്റുള്ളവരെ ആശ്രയിച്ചേ അവര്‍ക്ക് പണം കൈകാര്യം ചെയ്യാനാവൂ എന്നുമാണ് നിര്‍മാതാവ് ജോളി ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
നടക്കാതെ പോയ സിനിമയുടെ അഡ്വാന്‍സ് കൃത്യമായി തിരിച്ച് നല്‍കിയ ആളാണ് ആഷിഖ് അബുവെന്നും രാഷ്ട്രീയ നിലപാട് മൂലം അയാളെ വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനങ്ങള്‍ ഒഴിവാക്കണമെന്നും ജോളി ജോസഫ് പറയുന്നു.
ജോളി ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ആഷിക്ക് അബു പണത്തിന്റെ കാര്യത്തില്‍ ഒരു കൃത്യതയും വെച്ച് പുലര്‍ത്താറില്ല..!
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്ളപ്പോള്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ക്കൊന്നും പണം കൈകാര്യം ചെയ്തു പരിചയമില്ല. മറ്റുള്ളവരെ ആശ്രയിച്ചേ അവര്‍ക്കിന്നും പണം കൈകാര്യം ചെയ്യാനാകൂ.
ജോണ്‍ പോള്‍ സാറിന്റെ കാര്‍മികത്വത്തില്‍ ഞാന്‍ നിര്‍മിച്ച്, ആഷിഖ്് അബുവിന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനായ '' വലതു വശത്തെ കള്ളന്‍ '' എന്ന സിനിമ സാറ്റലൈറ്റ് കച്ചവടമാക്കിയിട്ടും, സെന്‍ട്രല്‍ പിക്ചര്‍സ് വിതരണത്തിനെടുത്തിട്ടും പല പല കാരണങ്ങളാല്‍ ചിത്രീകരണം മാത്രം നടന്നില്ല...! ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച്, അഡ്വാന്‍സ് കൊടുത്ത വകയില്‍ ആ പ്രോജെക്ടിലെ രണ്ടാളുകള്‍ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും, രാജുവും- അവരുടെ അക്കൗണ്ടന്‍മാര്‍ വഴി ...!
ഞാന്‍ നിര്‍മിച്ചു സംവിധാനം ചെയ്ത '' സ്പീച് ലെസ്സ് '' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബിജിപാലായിരുന്നു അന്തരിച്ച നിര്‍മാതാവ് ഷഫീര്‍ സേട്ട് വഴി പരിചയപ്പെട്ട ബിജിപാല്‍ എനിക്കിന്നും കീശയുടെ വലിപ്പമളക്കാത്ത കലാകാരനാണ്. പാവം ഷഹബാസ് അമനും പണവും രണ്ടു ധ്രുവങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത് ...?
ആഷിക്കിന്റെ അന്തരിച്ച പിതാവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ വളരെ പെട്ടെന്ന് എടുക്കാന്‍ കുറച്ചധികം പണം വേണമായിരുന്നു. വേറെ ഒരു സുഹൃത്തു മുഖേനെ ഏര്‍പ്പാടുചെയ്ത പണം ഉടനെ തിരികെ നല്‍കിയിട്ടും, ഈട് നല്‍കിയ ബ്ലാങ്ക് ചെക്കുകള്‍ ആഷിക് തിരികെ വാങ്ങിയിട്ടില്ല, തിരികെ വാങ്ങിച്ചോളാമെന്ന് പലപ്പോഴും എനിക്കുറപ്പുനല്‍കിയ ബ്ലാങ്ക്‌ചെക്കുകള്‍ ഇപ്പോഴും എന്റെ കൈവശമുണ്ട്....!
സമൂഹനന്മക്കു രാഷ്ട്രീയക്കാരെയും കലാകാരന്മാരെയും കലാകാരികളെയും ആവശ്യമാണ്. പോരായ്മകളുണ്ടെങ്കില്‍ വിമര്‍ശനങ്ങളാവാം, പക്ഷെ രാഷ്ട്രീയ നിലപാട് മൂലം, വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനം ഒഴിവാക്കേണ്ടതാണ് . കാരണം , ആഷിക്ക് അബു മാത്രമല്ല ഷഹബാസ് അമനും ബിജിപാലും അങ്ങിനെയുള്ള പല കലാകാരന്മാരും പണത്തിന്റെ കാര്യത്തില്‍ ഒരു കൃത്യതയും വെച്ച് പുലര്‍ത്താറില്ല, അവര്‍ക്കതറിയില്ല എന്നതാണ് സത്യം.