മലയാള സിനിമ ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാര്‍. മാര്‍ച്ച് 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമ ചെയ്യാന്‍ കുഞ്ഞാലി മരക്കാറുടെ കഥ തന്നെ എടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍.
'പലരും ചോദിച്ചു എന്തിനാണ് കുഞ്ഞാലിമരയ്ക്കാരുടെ കഥ തേടി പോയതെന്ന്. പലരും കരുതുന്നു കുഞ്ഞാലിമരക്കാര്‍ ഏതോ നാട്ടിലെ ഒരു പടയാളിമാത്രമാണെന്ന്. മഹാത്മാഗാന്ധി, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍,ശിവജി മഹാരാജ്,വേലുത്തമ്പി ദളവ, പഴശ്ശിരാജ എന്നിവരെപ്പോലെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരക്കാര്‍. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്. ഞാന്‍ പറയുന്നതു ആ കുഞ്ഞാലിമരക്കാരുടെ കഥയാണ്.' - പ്രിയദര്‍ശന്‍ പറഞ്ഞതായി മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും സാങ്കേതികത്തികവോടെയായിരിക്കും മരക്കാര്‍ ഒരുക്കുകയെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിന് പുറമെ പ്രഭു, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, ഫാസില്‍, കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
വൈഡ് റിലീസാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി അമ്പതിലേറെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് തീയേറ്ററുകളില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍വെല്‍ ചിത്രങ്ങള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ് മരക്കാറിന് വേണ്ടിയും വി.എഫ്.എക്സ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.