ലൂസിഫറിന്റെ ഗംഭീര വിജയത്തിലൂടെ തനിക്ക് സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച താരമാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാം ഭാഗം എംബുരാന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അതിനിടെ യുവതാരങ്ങളെ വച്ച് സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും നിവിന്‍ പോളിയെയും വച്ച് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രമുണ്ടെന്നും എന്നാല്‍ വേണമെന്ന് വച്ചാല്‍ പോലും അത് നടന്നെന്ന് വരില്ലെന്നും പൃഥ്വി വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'ഫഹദിനെയും ദുല്‍ഖറിനെയും നിവിന്‍ പോളിയെയും വച്ച് സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അടിസ്ഥാനപരമായി ഞാനൊരു നടനാണ്. ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ എനിക്ക് പറ്റില്ല. ഞാന്‍ ആഗ്രഹിച്ചാലും അത് നടന്നെന്ന് വരില്ല. അങ്ങനെയല്ല ഞാന്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇപ്പോഴും എന്നെ ഒരു നടനായാണ് കാണുന്നത്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ ചെയ്യുന്ന കാര്യമാണ് സംവിധാനമെന്നത്. അന്‍പത് സിനിമ ചെയ്ത ഒരാളായി ഞാന്‍ മാറില്ലെന്നത് എനിക്ക് ഉറപ്പാണ്. പക്ഷേ എനിക്ക് ചെയ്യേണ്ടത് ഞാന്‍ ഇടയ്ക്ക് ചെയ്യും. എന്റെ മനസില്‍ കുറച്ച് കാര്യങ്ങളുണ്ട്. പക്ഷേ എമ്പുരാന് ശേഷം എന്ത് എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം.' - പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബ്ലസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം മാര്‍ച്ചില്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങുമെന്നും അത്തരമൊരു വലിയ ചിത്രത്തിന് വെണ്ടി 'സീറോ-കോമ്പ്രമൈസ്' അപ്രോച്ചാണ് താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും താരം വ്യക്തമാക്കി. ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നി പ്രധാന ലൊക്കേഷനുകള്‍ക്ക് പുറമെ ചിത്രത്തിന്റെ കുറച്ച് ഭാഗം ഇന്ത്യയിലും ചിത്രീകരിക്കും. സെപ്തംബറില്‍ പൂര്‍ത്തിയാവുന്ന ആടുജീവിതത്തിന് ശേഷം മാത്രമേ ഏതെങ്കിലും പുതിയ ചിത്രം ഇനി ആരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും റിലീസിനൊരുങ്ങുകയാണ്. ബിജുമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.