ഈ വര്‍ഷത്തെ വാലന്റൈന്‍ ഡേയുടെ ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് ലോകമെങ്ങുമുള്ള പ്രണയിതാക്കള്‍. ഈ അവസരത്തില്‍ പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍.
പ്രണയത്തിന് അതിരുകളില്ലെന്നും മതത്തിന് മുകളിലായിരിക്കണം എന്നും പ്രണയമെന്നും പ്രയാഗ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒഴിയുന്ന പ്രണയങ്ങള്‍ പൊള്ളയാണെന്നും പ്രയാഗ അഭിപ്രായപ്പെടുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ മനസ് തുറന്നത്.
'സ്‌നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക് പ്രശ്നമായി മാറുന്നത്. ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല. എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയം.' - പ്രയാഗ പറയുന്നു.
പ്രണയിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് വിശ്വാസമെന്നും എന്നാല്‍ ശരിയായ കാമുകനെ കണ്ടെത്താനാണ് പ്രയാസമെന്നും പ്രയാഗ അഭിപ്രായപ്പെട്ടു. പ്രണയം രണ്ടു തരമുണ്ടെന്നും ഒന്ന് സ്വകാര്യമാവുമ്പോള്‍ മറ്റൊന്ന് തുറന്ന ലോകമാണെന്നും പ്രയാഗ പറഞ്ഞു.
'പ്രണയം ഒരിക്കലും സ്വകാര്യമല്ല. രണ്ടു വിധത്തിലാണിത്. ഒന്ന് രണ്ട് പേര്‍ക്കിടയിലെ തുറന്ന ലോകമാണ്. രണ്ട്, ചിലപ്പോള്‍ അത് മറ്റാരും അറിയാതെ രണ്ട് പേര്‍ക്കിടയില്‍ മാത്രം ഒതുങ്ങും.' - പ്രയാഗ മനസ് തുറന്നു. എന്നാല്‍ സീരിയസ് ആയ പ്രണയങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഉടന്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഭൂമിയിലെ മനോഹര സ്വകാര്യ'മാണ് പ്രയാഗയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.