എസ്.എസ്.എല്‍.സി പരീക്ഷയുടെ ചൂടിലേക്ക് കടക്കുകയാണ് കേരളം. അടുത്ത മാസം പകുതിയോടെ പരീക്ഷകള്‍ ആരംഭിക്കും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടെന്‍ഷന്‍ കാലമാണിത്. ഈ അവസരത്തില്‍ തന്റെ മകള്‍ക്കും സമാനരായ മറ്റ് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കും ആശംസ അറിയിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്.
പത്താം ക്ലാസിലെ മാര്‍ക്ക് നിങ്ങളെ അടയാളപ്പെടുത്താന്‍ പോവുന്നില്ലെന്നും നിങ്ങളുടെ പോസിറ്റീവ് മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുകയെന്നും പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാ ചാമ്പ്യന്മാരോടും. മാര്‍ക്ക് നിങ്ങളെ അടയാളപ്പെടുത്തില്ലെന്ന് ദയവായി തിരിച്ചറിയുക. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പോസിറ്റീവ് മനോഭാവത്തോടെ നിങ്ങളുടെ പരമാവധി പുറത്തെടുക്കുന്നതിലാണ് കാര്യം. അതാണ് നിങ്ങളെ അടയാളപ്പെടുത്തുക. എല്ലാവര്‍ക്കും ആശംസകള്‍.' - എന്നാണ് പൂര്‍ണിമയുടെ പോസ്റ്റ്.
മകളായ പ്രാര്‍ഥനയെ എടുത്ത് ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് പൂര്‍ണിമയുടെ കുറിപ്പ്. വളരെ സൗ്ഹാര്‍ദപരമായ ബന്ധമാണ് പൂര്‍ണിമയും മകള്‍ പ്രാര്‍ഥനയും തമ്മില്‍. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രമായി എത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ 'ലാലേട്ടാ' എന്ന ഗാനം പാടി ശ്രദ്ധേയയായ താരം കൂടിയാണ് പ്രാര്‍ഥന. അടുത്തിടെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥന പാടിയ പാട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1973-ല്‍ പുറത്തിറങ്ങിയ ബാദല്‍ ഓര്‍ ബിജ്‌ലി എന്ന പാകിസ്താനി ചിത്രത്തില്‍ ഫയാസ് ഹാഷ്മി സംഗീതം ചെയ്ത 'ആജ് ജാനേ കി സിദ് നാ കരോ' എന്ന പാട്ടാണ് തന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥന പാടിയത്.