കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയവയില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ പെട്ടവയാണ് കുമ്പളങ്ങി നൈറ്റ്‌സും ഹെലനും. ഇപ്പോഴിതാ ചിത്രങ്ങളെ പ്രശംസിച്ച് മലയാളത്തിലെ ക്ലാസ് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമിയുടെ 'ക' ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറിലാണ് പ്രിയദര്‍ശന്റെ പരാമര്‍ശം.
എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തത് എന്നാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയതെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. തന്നെപ്പോലുള്ളവര്‍ റിട്ടയര്‍ ചെയ്ത് പുതിയ ആളുകള്‍ക്ക് വിട്ട് കൊടുക്കേണ്ട സമയമായെന്ന് വിശ്വസിക്കുന്നെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
'ന്യൂ ജനറേഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ ഒക്കെ കാണുമ്പോള്‍ 'എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തത്' എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇന്ററസ്റ്റിംഗ് ആയ ചിത്രങ്ങളാണ് വരുന്നത്. സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ പെര്‍ഫോമന്‍സ് ഭയങ്കര റിയലിസ്റ്റിക് ആവാന്‍ തുടങ്ങിയിട്ടുണ്ട്. ഞാനിത് ശരിക്കും ആസ്വദിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ എന്നെപ്പോലുള്ളവര്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി എന്നിട്ട് ഇവര്‍ക്ക് വിട്ടുകൊടുക്കേണ്ട സമയമായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അവരുടെ സിനിമകള്‍ക്ക് പുതിയ ഭംഗി, പുതിയ അറ്റ്‌മോസ്ഫിയര്‍, കൂടുതല്‍ റിയലിസം, സമകാലീനത, സാമൂഹ്യ സന്ദേശം ഒക്കെയുണ്ട്. ബ്രില്ല്യന്‍ ചിത്രങ്ങളാണ് യുവാക്കള്‍ മലയാള സിനിമയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മധു സി. നാരായണന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. കൊച്ചിയിലെ കുമ്പളങ്ങി പ്രദേശത്തെ ആസ്പദമാക്കി ചെയ്ത ചിത്രം മലയാള സിനിമയില്‍ ഒരു പുത്തന്‍ അനുഭവമായിരുന്നു. ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
അന്ന ബെന്‍ നായികയായെത്തിയ ഹെലന്‍ സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യറാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു ഫ്രൈഡ് ചിക്കന്‍ കടയുടെ കോള്‍ഡ് സ്‌റ്റോറേജില്‍ പെട്ട് പോവുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഹെലന്‍ പറയുന്നത്.