ഇളയദളപതി വിജയ്‌യുടെ കരിയര്‍ ഗ്രാഫിന് തെലുങ്ക് താരം മഹേഷ് ബാബുനോട് ഒരു കടപ്പാടുണ്ട്. 2003-ല്‍ പുറത്തിറങ്ങിയ ഒക്കുടു എന്ന മഹേഷ് ബാബു ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ഗില്ലിയാണ് വിജയ്‌യെ ഒരു മാസ് ഹീറോ എന്ന സ്ഥാനത്ത് ഊട്ടിയുറപ്പിച്ചത്. തമിഴില്‍ ആദ്യമായി 50 കോടി കലക്ഷന്‍ നേടി ഇന്‍ഡസ്ട്രിയുടെ ചരിത്രം തന്നെ തിരുത്തിയ ചിത്രമായിരുന്നു ഗില്ലി.
എന്നാല്‍ ഗില്ലിക്ക് ശേഷം വന്ന വിജയ് ചിത്രങ്ങള്‍ക്ക് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 2007-ല്‍ മഹേഷ് ബാബുവിന്റെ തന്നെ മറ്റൊരു ചിത്രമായ പോക്കിരിയുടെ റീമേക്കിലൂടെയാണ് വിജയ് പിന്നീട് ബോക്‌സ്ഓഫിസ് തിരിച്ച് പിടിച്ചത്.
2017-ല്‍ എ.ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്‌പൈഡര്‍ എന്ന ചിത്രത്തിലൂടെ മഹേഷ് ബാബു തമിഴിലെത്തിയപ്പോള്‍ വിജയ്‌ക്കൊപ്പം ഒരു ചിത്രം ഉണ്ടാവുമോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. മഹേഷ് ബാബുവിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്ന് വിജയ്‌യും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മഹേഷ് ബാബു. തന്റെ പുതിയ ചിത്രമായ 'സരിലേരു നീക്കെവ്വരൂ'വിന്റെ റിലീസുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷിന്റെ പ്രതികരണം.
വിജയ്‌ക്കൊപ്പം ഒരു ചിത്രം സംഭവിക്കുന്നത് വലിയ സന്തോഷമായിരിക്കുമെന്നും എന്നാല്‍ അത്തരമൊരു പ്രൊജക്ടിന് സംവിധായകന്‍ ആരെന്നുള്ളത് നിര്‍ണായകമാണെന്നുമാണ് മഹേഷ് ബാബു പ്രതികരിച്ചത്. 'തീര്‍ച്ചയായും ഞാന്‍ തയ്യാറാണ്. അത് സംഭവിക്കുകയാണെങ്കില്‍ ഒരു അത്ഭുതകരമായ ചിത്രമായിരിക്കും. പക്ഷേ അതിന്റെ സംവിധായകന്‍ ആരെന്നുള്ളതാണ് പ്രധാനം. നടക്കുകയാണെങ്കില്‍ അത് ആവേശകരമാണ്.' - മഹേഷ് ബാബു പറഞ്ഞു.
തന്റെ ചിത്രങ്ങളുടെ വിജയങ്ങള്‍ പ്ലാന്‍ ചെയ്ത് നടത്തുന്നതല്ലെന്നും അത് സംഭവിച്ച് പോവുന്നതാണെന്നും താരം പ്രതികരിച്ചു. 'അതൊക്കെ സംഭവിച്ച് പോവുന്നതാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്ക് ഒന്നും പ്ലാന്‍ ചെയ്ത് കൊണ്ട് വരാന്‍ പറ്റില്ല. ഒക്കുടു, പോക്കിരി പോലുള്ള തിരക്കഥ ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. അത്തരം തിരക്കഥകള്‍ ചെറിയ പ്രായത്തില്‍ തന്നെ കിട്ടി. അതൊക്കെ സംഭവിക്കുകയാണുണ്ടായത്, ഒന്നും പ്ലാന്‍ ചെയ്തതല്ല.' - അദ്ദേഹം പറഞ്ഞു.
അതേസമയം, മഹേഷ് ബാബുവിന്റെ പുതിയ ചിത്രം 'സരിലേരു നീക്കെവരൂ' ഇന്ന് തീയേറ്ററുകളിലെത്തി. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷ്മിക മണ്ഡന ആണ് നായിക. പകുതി ഭാഗവും കശ്മീരില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഒരു പട്ടാള മേജറിന്റെ വേഷത്തിലാണ് മഹേഷ് ബാബു എത്തുന്നത്. പ്രകാശ് രാജാണ് വില്ലന്‍.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം: