സ്കൂൾ കാലത്തെ പ്രണയത്തെ അതേ രീതിയിൽ അവതരിപ്പിക്കുന്ന ഗാനമാണ് തണ്ണീർമത്തൻ ദിനങ്ങളിലെ ജാതിക്കാത്തോട്ടം. വളരെ റിയലിസ്റ്റിക് ആയി വിഷ്വലൈസേഷൻ ചെയ്തതുകൊണ്ടും, പാട്ടിലെ വോയ്‌സിൻറെ പ്രത്യേകത കൊണ്ടുമൊക്കെയാകാം ഈ പാട്ട് മലയാളികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ യൂട്യൂബിൽ ട്രെൻഡിങ്ങിലാണ് 'ഈ ജാതിക്കാത്തോട്ടം'. മ്യൂസിക് ഡയറക്‌ടർ ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാലും സൗമ്യ രാമകൃഷ്ണനും ചേർന്ന് പാടിയ ഗാനത്തിന്റെ രചന നിർവഹിച്ചത് സുഹൈൽ കോയ. എക്സോട്ടിക് ലൊക്കേഷനോ കടുത്ത ഡാൻസ് സ്റ്റെപ്പുകളോ ഒന്നുമല്ല മലയാളികളെ രസിപ്പിക്കുന്നത് എന്നുള്ളതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് 'തണ്ണീർ മത്തൻ ദിനങ്ങൾ' സിനിമയിലെ ഈ ഗാനം. പാട്ടിലെ വരികളിലുള്ളതുപോലെ ജാതിക്കാ തോട്ടവും, ജാതിക്കയുമൊക്കെയാണ് സീനുകളിലും പ്രധാന താരങ്ങൾ. ജാതിക്കയിൽ തന്റെ പേരിനോടൊപ്പം കാമുകിയുടെ പേരെഴുതി പുളകം കൊള്ളുന്ന സ്കൂൾ ലൈഫ് കാമുകൻ. മുഴുവൻ നേരവും ഫോണിലൂടെ പഞ്ചാരയടിച്ച് വീട്ടിലൂടെ നടക്കുന്ന കാമുകി - കാമുകന്മാർ, അവരുടെ ചെറിയ ചെറിയ വഴക്കുകൾ; വിഷ്വൽസ് ഒക്കെ ഇന്നത്തെ കാലത്തെ കുട്ടികൾക്കൊക്കെ റിലേറ്റ് ചെയ്യാനാകും. ഒട്ടും ഓവർ ആക്കാതെ കൃത്യമായി ആവശ്യമുള്ളത് മാത്രം അഭിനയിച്ചു ഫലിപ്പിക്കാൻ പാട്ടിലെ പ്രധാന കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട് . രണ്ടു മതങ്ങളിൽ വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങളിലെ ടീനേജ് പ്രായക്കാരായ കുട്ടികളുടെ പ്രണയം കൃത്യമായി ക്യാമറയിലേക്കെത്തിക്കാൻ ജോമോൻ ടി ജോൺ, വിനോദ് ഇല്ലംപിള്ളി എന്നിവർക്ക് കഴിഞ്ഞു എന്നത് ജാതിക്കാത്തോട്ടത്തെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. വിനീത് ശ്രീനിവാസനാണ് സിനിമയിലെ നായകൻ. എന്നാൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രമാണ് വിനീതിനെ ഈ പാട്ടിൽ കാണിക്കുന്നുള്ളൂ. 4 മിനിറ്റ് 11 സെക്കന്റ് സമയം കൊണ്ട് പാട്ടു കേൾക്കുന്നവരിൽ ഒരു ചിരി സമ്മാനിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് പാട്ടിന്റെ വിജയവും!