തമിഴിലെ ഹിറ്റ് സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. വാരണം ആയിരവും വിണ്ണൈത്താണ്ടി വരുവായയും തമിഴരെ പോലെ തന്നെ മലയാളികളുടെയും ഇഷ്ട പ്രണയ ചിത്രങ്ങളാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിലൂടെ മലയാളത്തില്‍ അഭിനയിക്കാനെത്തിയ ഗൗതം അടുത്തതായി ഒരു മലയാളം ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
സംവിധായകന്‍ തന്നെയാണ് മലയാളത്തില്‍ ചിത്രം എടുക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഫഹദ് ഫാസിലിനെയാണ് മനസില്‍ കാണുന്നതെന്നും ചിത്രം ഉടന്‍ തന്നെ ഉണ്ടാവുമെന്നും താരം അറിയിച്ചു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലാണ് ഗൗതം വാസുദേവ് ഇക്കാര്യം പറഞ്ഞത്.
ട്രാന്‍സില്‍ അഭിനയിക്കാന്‍ കാരണം അതിന്റെ ക്രൂ ആണെന്നും ചിത്രം ഒരു ബ്രില്ല്യന്റ് വര്‍ക്ക് ആണെന്നും ഗൗതം പറഞ്ഞു.
'എനിക്ക് ഒരു അഭിനേതാവാകണമെന്ന് ഇപ്പോഴും ആഗ്രഹമില്ല. ഞാന്‍ ഈ പടം ചെയ്തത് ഈ ക്രൂ കാരണം മാത്രമാണ്. ഫഹദ് എന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞു അന്‍വര്‍ റഷീദിന് താങ്കളെ കാണണമെന്ന്. അങ്ങനെ അന്‍വര്‍ സര്‍ ചെന്നൈയില്‍ വന്ന് കണ്ടു. പടം ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു, പക്ഷേ എന്തിനാണ് എന്നെ തിരഞ്ഞെടുത്തതെന്ന് ചോദിച്ചു. എന്റെ അഭിമുഖങ്ങളൊക്കെ കണ്ടിട്ടുണ്ടെന്നും, ആ സ്‌റ്റൈലാണ് വേണ്ടതെന്നും അന്‍വര്‍ പറഞ്ഞു. അതെനിക്ക് എളുപ്പമായിരുന്നു.' - ഗൗതം പറഞ്ഞു.
ട്രാന്‍സില്‍ ഒരു കോര്‍പ്പറേറ്റ് വില്ലന്റെ കഥാപാത്രമാണ് ഗൗതം വാസുദേവ് മേനോന്‍ ചെയ്യുന്നത്. ആക്ഷനും വളരെ കയ്യടക്കത്തോടെയുള്ള അഭിനയവും സ്‌റ്റൈലിഷ് ആയ ശരീര ഭാഷയും കൊണ്ട് ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഗൗതം കാഴ്ചവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്നൈ നോക്കി പായും തോട്ടയാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷുവ ഇമൈ പോല്‍ കാഖ, ധ്രുവ നച്ചത്തിരം എന്നിവയാണ് ഈ വര്‍ഷം സംവിധായകന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.