മൂന്ന് മലയാള ചിത്രങ്ങളാണ് പ്രധാനമായും നാളെ റിലീസിനെത്തുന്നത്. ടൊവീനോ തോമസ് നായകനാവുന്ന ഫോറന്‍സിക്, ദീപക് പറമ്പോള്‍ നായകനാവുന്ന ഭൂമിയിലെ മനോഹര സ്വകാര്യം ഇന്ദ്രന്‍സിന്റെ വെയില്‍ മരങ്ങള്‍ എന്നിവയാണ് നാളെ തീയേറ്ററിലെത്തുന്ന ചിത്രങ്ങള്‍.
ഫോറന്‍സിക് (Forensic)
ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍ പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിക്കുന്നതും.
നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കും.
വെയില്‍മരങ്ങള്‍ (VeyilMarangal)
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തുന്ന ഡോ.ബിജുവിന്റെ ചിത്രമാണ് വെയില്‍മരങ്ങള്‍. കേരളത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് പാലായനം ചെയ്യപ്പെട്ട ദളിത് കുടുംബങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വില്‍ വില്യംസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.
എം.ജെ രാധാകൃഷ്ണന്‍ ക്യാമറയും പ്രമോദ് തോമസ് ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു. ബിജിബാല്‍ ആണ് സംഗീതം. ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ആദ്യമായി പുരസ്‌കാരം നേടുന്ന മലയാള ചിത്രമാണ് വെയില്‍മരങ്ങള്‍.
ഭൂമിയിലെ മനോഹര സ്വകാര്യം (Bhoomiyile Manohara Swakaryam)
ദീപക് പറമ്പോല്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഒരു പ്രണയ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ഷൈജു അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം. ലാല്‍, ഷൈന്‍ ടോം ചാക്കോ, സന്തോഷ് കീഴാറ്റൂര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, അഞ്ജു അരവിന്ദ് തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.
ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണിയോ മൈക്കില്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിച്ചു. സച്ചിന്‍ ബാലു ആണ് സംഗീതം.