ഓണ്‍ലൈനില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പൂവാലശല്യം. പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ കണ്ടാല്‍ അനാവശ്യ മെസേജുകള്‍ അയക്കുന്നതും കമന്റ് ചെയ്യുന്നതും ചില ആണുങ്ങളുടെ ശീലമാണ്. പലപ്പോഴും ഒരു പരിചയവുമില്ലാത്ത പെണ്‍കുട്ടികളോട് പോലും വളരെ വ്യക്തിപരമായി ഇടപെട്ടുകളയും ചിലര്‍. മെസേജ് അയച്ച് ശല്യപ്പെടുത്തുന്നവര്‍ക്ക് തിരിച്ച് മറുപടി നല്‍കിയില്ലെങ്കില്‍ ഉടന്‍ അടുത്ത ചോദ്യം എത്തുകയായി: 'എന്താ മോളൂസേ ജാഡയാണോ?'.
മിക്ക പൂവാലന്മാരും എടുത്ത് ഉപയോഗിച്ചിരുന്ന ഈ വാചകം ഇപ്പോഴൊരു ട്രോള്‍ ഡയലോഗ് കൂടിയാണ്. ആരെങ്കിലും തന്നോട് ഈ ഡയലോഗ് ചോദിച്ചാല്‍ തന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി എസ്തര്‍ അനില്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. 'ആരെങ്കിലും എന്താ മോളൂസേ ജാഡയാണോ എന്ന് ചോദിച്ചാല്‍ തന്റെ പ്രതികരണം ഇതായിരിക്കും' എന്ന ക്യാപ്ഷനോടെ ഒരു ചിത്രമാണ് എസ്തര്‍ പങ്കുവച്ചത്. മുഖത്ത് ഒരു പ്രത്യേക ഭാവത്തോടെയുള്ള ആ ചിത്രത്തില്‍ നിന്ന് തന്നെ എസ്തറിന്റെ പ്രതികരണം വായിച്ചെടുക്കാവുന്നതാണ്.
2010-ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് എസ്തര്‍ അനില്‍. പിന്നീട് കോക്ടെയില്‍, വയലിന്‍, ആഗസ്റ്റ് ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധേയയായത്. പിന്നീട് തമിഴിലെയും തെലുങ്കിലേയും ദൃശ്യത്തിന്റെ റീമേക്കുകളിലും താരം പ്രത്യക്ഷപ്പെട്ടു. ഷെയ്ന്‍ നിഗം ചിത്രം ഓളിലൂടെ എസ്തര്‍ ബാലതാരത്തില്‍ നിന്ന് നായികയായും അരങ്ങേറ്റം കുറിച്ചു.