ബിഗ് ബോസ് മലയാളം സീസണ്‍ 2-വില്‍ നിന്ന് നാല് പേരെ സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. കണ്ണിന് രോഗമുള്ളത് കാരണം വിദഗ്ധ ചികിത്സയ്ക്കായാണ് ഇവരെ പറഞ്ഞുവിട്ടത്. സുജോ, രഘു, അലസാന്‍ഡ്ര, രേഷ്മ എന്നിവരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.
കണ്ണിന് അസുഖം ബാധിച്ചതിനാല്‍ അഞ്ചു പേരെ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. പുറത്തായവരെ കൂടാതെ പവന്‍ ആണ് മാറ്റിത്താമസിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഇന്നലത്തെ എപ്പിസോഡില്‍ പവന്‍ മാത്രം തിരിച്ചെത്തുകയായിരുന്നു.
വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ നാല് പേരെ തിരിച്ചയക്കുകയാണെന്നും ഒരാള്‍ തിരിച്ചു വരുമെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു. എല്ലാവരും കൂടിയിരിക്കുമ്പോഴായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം. ഞെട്ടലോടെയാണ് ബിഗ് ബോസ് വീട്ടിലുള്ളവര്‍ വാര്‍ത്തയെ സ്വീകരിച്ചത്. മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു.
എന്നാല്‍ ഇത് ഗെയിമിന്റെ ഭാഗമാണെന്നും അവര്‍ തിരിച്ചുവരുമെന്നും ആര്യ വിഷമത്തോടെ പ്രതികരിച്ചു. തിരിച്ചെത്തിയ പവനോട് മറ്റുള്ളവരെക്കുറിച്ച് തിരക്കിയെങ്കിലും തനിക്ക് ഒന്നും അറിയില്ല എന്നാണ് പവന്‍ പറഞ്ഞത്.
അതേസമയം, രോഗം എല്ലാവരിലേക്കും എത്താന്‍ കാരണം രഘു ആണെന്ന് പാഷാണം ഷാജി ആരോപിച്ചു. രഘു രോഗത്തിന് പ്രാധാന്യം നല്‍കിയില്ലെന്നും അതാണ് മറ്റുള്ളവരിലേക്ക് പകരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
'ഇവിടെ വന്നിട്ട് ആ കണ്ണുമായി രഘു പാതിരാത്രിവരെ അവരുമായി സംസാരിച്ചിരുന്നു. ബിഗ് ബോസ് ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു നിങ്ങള്‍ മാറിയിരിക്കണം രഘു എന്ന്' - ഷാജി പറഞ്ഞു. പ്രദീപ് ചന്ദ്രനും ഷാജിയെ പിന്തുണച്ചു.
തിരിച്ചുപോയവര്‍ ചികിത്സ കഴിഞ്ഞ് ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.