അല്ലു അര്‍ജുനിനെ കേരളത്തിലെ പ്രേക്ഷകര്‍ ഒരു അന്യഭാഷ നായകനായിട്ടല്ല കാണുന്നത്. അത്രയധികം ആവേശത്തോടെയാണ് അല്ലുവിന്റെ ഓരോ ചിത്രവും കേരളത്തില്‍ വരവേല്‍ക്കപ്പെടുന്നത്. ആര്യയിലൂടെ മലയാള ബോക്‌സ് ഓഫിസില്‍ തുടങ്ങിയ അല്ലുവിന്റെ യാത്ര ഇപ്പോള്‍ പുതിയ ചിത്രം 'അങ്ങ് വൈകുണ്ഠപുരത്ത്' എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകരെക്കുറിച്ചുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുകയാണ് താരം.
മലയാളത്തില്‍ താന്‍ താരമായത് തന്റെ കഴിവല്ലെന്നും മലയാളികള്‍ക്കാണ് അതിന്റെ ക്രെഡിറ്റ് എന്നുമാണ് താരം പറഞ്ഞത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്ലുവിന്റെ പ്രതികരണം.
മലയാളം ഇന്‍ഡസ്ട്രിയും കേരള സര്‍ക്കാരും തന്നെ ഒരുപാട് സഹായിച്ചെന്നും താരം വ്യക്തമാക്കി. കേരളത്തിലെ ഫാന്‍സ് ബേസിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണമായിട്ടായിരുന്നു താരത്തിന്റെ മറുപടി. 'അത് എന്റെ ക്രഡിറ്റ് അല്ല, അത് തീര്‍ച്ചയായും മലയാളം പ്രേക്ഷകരുടെ ക്രെഡിറ്റ് ആണ്. എന്റെ രണ്ടാമത്തെ പടം ആര്യ വലിയ വിജയം നേടിയിരുന്നു. അവിടം മുതല്‍ ഞങ്ങള്‍ കണക്ടടായി. അവിടുന്ന് പിന്നീട് ഒരുപാട് സിനിമകള്‍ വന്നു. അവര്‍ അതൊക്കെ കണ്ടു. ആ ബന്ധം അങ്ങനെ ശക്തമായി. എല്ലാത്തിനും നന്ദി എന്നെ സ്വീകരിച്ച മലയാളം ഇന്‍ഡസ്ട്രിക്കും എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്ത കേരള സര്‍ക്കാരിനുമാണ്.' - അല്ലു അര്‍ജുന്‍ പറഞ്ഞു.
അല്ലു അര്‍ജുനിന്റെ പുതിയ ചിത്രം 'അങ്ങ് വൈകുണ്ഠപുരത്ത്' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധായന്‍. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍, നിവേദ, നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.