Trance: a half-conscious state characterized by an absence of response to external stimuli, typically as induced by hypnosis or entered by a medium. (മോഹാലസ്യം, മൂര്‍ച്ച, മോഹനിദ്ര, ദര്‍ശനാവസ്ഥ) - ട്രാന്‍സിന് നിഘണ്ടു നല്‍കുന്ന അര്‍ഥം ഇതാണ്. ഒരു മോഹനിദ്രാവസ്ഥയെയോ ഉന്മാദാവസ്ഥയെയോ ആണ് ട്രാന്‍സ് എന്ന് പറയുന്നത്. ഒരര്‍ഥത്തില്‍ ഈ ഒരു അവസ്ഥയാണ് അന്‍വര്‍ റഷീദിന്റെ ചിത്രം 'ട്രാന്‍സ്' പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ദൃശ്യങ്ങളും ശബ്ദമിശ്രണവും സാഹചര്യങ്ങളും കൊണ്ട് ഒരു മിസ്റ്റിക് മൂഡ് സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകന്‍.
കന്യാകുമാരിയിലെ ഒരു സാധാരണ പട്ടണത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. മാനസിക പ്രശ്‌നമുള്ള അനിയനൊപ്പം ഒരു ചെറിയ വാടക വീട്ടില്‍ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് വിജു പ്രസാദ്. ചെറിയ തോതില്‍ മോട്ടിവേഷന്‍ ക്ലാസ് എടുത്തും ഹോട്ടലില്‍ ജോലി ചെയ്തുമാണ് വിജു ജീവിക്കുന്നത്. തന്നെ കേള്‍ക്കാന്‍ ആയിരങ്ങള്‍ കൂടി നില്‍ക്കുന്ന ഒരു വേദിയാണ് വിജുവിന്റെ സ്വപ്നം. എന്നാല്‍ അനിയന്റെ മരണത്തോടെ വിജു മാനസികമായി തകരുന്നു. നാടുവിട്ട് പോവുന്ന വിജു പുതിയ ചിലരെ കണ്ട് മുട്ടുന്നതോടെ ജീവിതം മാറുകയാണ്.
ഇവിടെ നിന്നാണ് പടം തുടങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോലും ഇവിടെയാണ് കാണിക്കുന്നത്. അതുവരെ കണ്ട് വന്ന മൂഡില്‍ നിന്ന് ചിത്രം മറ്റൊരു തലത്തിലേക്ക് മാറുകയാണ് ഇവിടുന്നങ്ങോട്ട്. ഒരു മിറാക്കിള്‍ രോഗശാന്തി നടത്തുന്ന സൂപ്പര്‍ പാസ്റ്റര്‍ ആയി മാറുകയാണ് വിജു പിന്നീട്. അയാളുടെ പുതിയ പേര് - ജോഷ്വാ കാള്‍ട്ടന്‍.
ഫഹദിന്റെ നിറഞ്ഞാട്ടമാണ് പിന്നീടങ്ങോട്ട് ചിത്രത്തില്‍. മോഹന്‍ലാലിന് ലൂസിഫറും മമ്മൂട്ടിക്ക് ഷൈലോക്കും ലഭിച്ചത് പോലെ സ്‌റ്റൈലിഷായി അഴിഞ്ഞാടാന്‍ ഫഹദിന് കിട്ടിയ റോളാണ് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണ്‍. നിരവധി മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ചിത്രം ഫഹദിന് നല്‍കുന്നു. ഫഹദിന്റെ സ്വതസിദ്ധമായ കണ്ണുകളുടെ ആകര്‍ഷണീയത പോലും ഏറ്റവും അനുയോജ്യമായി ഉപയോഗിച്ചിരിക്കുകയാണ് ചിത്രത്തില്‍. നടത്തത്തില്‍, നോട്ടത്തില്‍, സംസാരത്തില്‍ എന്നിങ്ങനെ ഫഹദിന്റെ ഒരു ഷോ തന്നെയാണ് ചിത്രം.
ചിത്രത്തിന്റെ പ്രമേയമാണ് ഏറ്റവും പ്രശംസനീയം. ദൈവിക രോഗശാന്തിയെക്കുറിച്ച് ഇത്ര ധൈര്യപൂര്‍വ്വം വിമര്‍ശനാത്മകമായി ഒരു ചിത്രം സമകാലിക സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കാണിച്ച ആര്‍ജവം എടുത്ത് പറയേണ്ടതാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ട്രാന്‍സിനെക്കുറിച്ചാണ് ചിത്രം. ചിത്രത്തിലെ എസ്തര്‍ എന്ന കഥാപാത്രം തന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കുന്നത് കഞ്ചാവും മദ്യവുമാണ്. ജോഷ്വാ മെഡിക്കല്‍ മരുന്നുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്. എന്നാല്‍ ലോകത്തെ കോടിക്കണക്കിന് ജനങ്ങള്‍ പ്രശ്‌നങ്ങളില്‍ ആശ്രയിക്കുന്നത് വിശ്വാസത്തെയാണ്.
എന്തും പരിധി കടക്കുമ്പോള്‍ അപകടമാവുന്നത് പോലെ വിശ്വാസത്തിലുള്ള അമിതമായ ആശ്രിതത്വവും പ്രശ്‌നമാണ്. അത് വിശ്വാസികളെ ഒരു ട്രാന്‍സ് മോഡിലേക്ക് എത്തിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നും യുക്തിയില്‍ നിന്നും വേര്‍പെട്ട് മറ്റൊരു ബോധത്തിലേക്ക് എത്തുന്ന ഇവരെ ചൂഷണം ചെയ്യാനും പറ്റിക്കാനും എളുപ്പമാണ്. അത്തരത്തിലുള്ള ചൂഷണത്തിന് വിധേയരാവുന്ന വിശ്വാസികളെ ചിത്രം കാണിച്ച് തരുന്നു. എല്ലാ മതങ്ങളിലും ഇത്തരം കള്ള നാണയങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ചിത്രം മതത്തിന്റെ ഉപയോഗത്തെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. പ്രാര്‍ഥനയിലൂടെ രോഗം മാറ്റാന്‍ ശ്രമിക്കുന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ നിര്‍ബന്ധിക്കുന്ന കന്യാസ്ത്രീയും ജോഷ്വ കപടനാണെന്ന് പറഞ്ഞ് വരുന്ന ഫാദറും ഇതിന് ഉദാഹരണങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ മതത്തിന് എതിരെയല്ല, മതം ഉപയോഗിച്ചുള്ള ചൂഷണമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ ആദ്യ പകുതിയാണ് രണ്ടാം പകുതിയേക്കാള്‍ മികച്ച് നിന്നത്. രേഖീയമായ കഥ പറച്ചില്‍ രീതിയാണെങ്കിലും അവതരണ രീതി കൊണ്ട് ഒരു ഭ്രമാത്മകമായ പ്രതീതി ചിത്രം സൃഷ്ടിക്കുന്നുണ്ട്. തിരക്കഥ കുറച്ച് കൂടി നാടകീയവും സംഭവ ബഹുലവും ആക്കാമായിരുന്നു. രണ്ടാം പകുതിയില്‍ നിന്ന് അല്‍പം എഡിറ്റ് ചെയ്ത് നീക്കിയിരുന്നെങ്കില്‍ ചിത്രം കുറച്ച് കൂടി എന്‍ഗേജിംഗ് ആവുമായിരുന്നു.
ഫഹദിന്റെ വണ്‍മാന്‍ ഷോ കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ വേഷം ദിലീഷ് പോത്തന്‍ അവതരിപ്പിച്ച അവറാച്ചന്റേതാണ്. ഫഹദിനൊപ്പം ചിത്രത്തിലുടനീളം സാന്നിധ്യമുള്ള ദിലീഷ് വളരെ കയ്യടക്കത്തോടെയുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു. ഗൗതം മേനോന്റെ വേഷമാണ് ഞെട്ടിക്കുന്നത്. പൂര്‍ണമായും ഒരു കോര്‍പ്പറേറ്റ് ബോസിന്റെ ആറ്റിറ്റിയൂട് തന്റെ ശരീരഭാഷയില്‍ പ്രകടമാക്കുന്നതില്‍ ഗൗതം മേനോന്‍ വിജയിച്ചിരിക്കുന്നു. ഗൗതം മേനോന്റെ പാര്‍ട്ട്‌നര്‍ ആയിട്ടാണ് ചിത്രത്തില്‍ ചെമ്പന്‍ വിനോദ് പ്രത്യക്ഷപ്പെടുന്നത്. ഇരുവരും മികച്ച അഭിനയമാണ് പുറത്തെടുത്തത്.
ഫഹദ് ഫാസിലിനൊപ്പം വിവാഹത്തിന് ശേഷം നസ്രിയ എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണീയതകളിലൊന്ന്. ഒരു സൂപ്പര്‍ മേക്ക് ഓവറില്‍ നസ്രിയ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. സാമ്പ്രദായിക നായികയുടെ സ്വഭാവ വിശേഷങ്ങളില്‍ നിന്നൊക്കെ ഒരു പൊളിച്ചെഴുത്ത് നടത്തിയിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് അല്‍പം കൂടെ ആഴം നല്‍കാമായിരുന്നു. ശ്രീനാഥ് ഭാസിയുടെ അനിയന്‍ വേഷവും നന്നായിരുന്നു.
സാങ്കേതിക വശമാണ് ചിത്രത്തിന്റെ നട്ടെല്ല്. അമല്‍ നീരദിന്റെ ഛായാഗ്രഹണത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചിത്രത്തിന്റെ മൂഡിനെ സൃഷ്ടിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് അമല്‍ നീരദിന്റെ ക്യാമറയാണ്. വളരെ അധികം നിറങ്ങള്‍ വന്ന് പോവുന്ന ഫ്രെയിമുകള്‍ പാളിപ്പോവാതെ ഏറ്റവും സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ചു എന്നതാണ് അമലിന്റെ കഴിവ്. ക്യാമറയുടെ മൂവ്‌മെന്റുകളിലും ഫ്രെയിമുകളുടെ സെറ്റിംഗ്‌സിലും ഒരുപാട് പരീക്ഷണങ്ങള്‍ അമല്‍ ചിത്രത്തിനായി ചെയ്തിരിക്കുന്നു.
ജാക്‌സണ്‍ വിജയന്റെയും സുഷിന്‍ ശ്യാമിന്റെയും സംഗീതമില്ലാതെ ട്രാന്‍സ് ഇല്ല. സംഗീതവും ദൃശ്യവും കൂടിച്ചേര്‍ന്ന ഒരു പ്രത്യേക അന്തരീക്ഷമാണ് ജാക്‌സണും അമലും ചിത്രത്തിനായി ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകള്‍ പോലും ഈ ഒരു മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്. പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിംഗും ചിത്രത്തോട് നീതിപുലര്‍ത്തി. റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സിങ്കും തീയേറ്ററില്‍ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട കാര്യമാണ്.