മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ദീഖ്. അതുകൊണ്ട് തന്നെ സിദ്ദീഖ് ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഓരോ തവണയും പ്രതീക്ഷ വെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ചിത്രങ്ങള്‍ ആ പ്രതീക്ഷകള്‍ക്ക് മങ്ങലുണ്ടാക്കിയിരുന്നെങ്കിലും മോഹന്‍ലാലിനൊപ്പം സിദ്ദീഖ് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ പ്രേക്ഷക പ്രതീക്ഷ വീണ്ടും ചിറകു വിടര്‍ത്തിയത് പഴയ സിദ്ദീഖിലുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസവും പേറിയാണ് ഇന്ന് റിലീസ് ചെയ്ത ബിഗ് ബ്രദര്‍ കാണാന്‍ ആരാധകര്‍ തീയേറ്ററുകളിലെത്തിയത്.
ഒരു തടവുകാരനായിട്ടാണ് ചിത്രത്തിന്റെ ആരംഭത്തില്‍ മോഹല്‍ലാലിന്റെ കഥാപാത്രമായ സച്ചിദാനന്ദനെ പരിചയപ്പെടുത്തുന്നത്. ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ചെറുപ്പത്തിലേ ജയിലിലായ സച്ചിദാനന്ദനെ അനിയന്‍ മനു വളരെ പരിശ്രമിച്ചാണ് പുറത്തിറക്കുന്നത്. ജയിലിന് പുറത്തെത്തി സന്തുഷ്ടമായ തന്റെ കുടുംബ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ സച്ചിദാനന്ദനെ തേടി വരുന്ന പ്രശ്‌നങ്ങളും ട്വിസ്റ്റുകളുമാണ് ബിഗ് ബ്രദര്‍ പറയുന്നത്.
സച്ചിദാനന്ദന്റെ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യ പകുതിയില്‍ കഥ പറഞ്ഞ് പോകുന്നത്. തമാശ രംഗങ്ങളും പാട്ടുകളുമായി കാഴ്ച്ചക്കാരെ എന്‍ഗേജ് ചെയ്ത് കൊണ്ട് തന്നെ ആദ്യ പകുതി കടക്കുന്നു. ദീര്‍ഘനാളത്തെ ജയില്‍ ജീവിതം കഴിഞ്ഞ് വന്ന സച്ചിദാനന്ദന് പുറം ലോകത്തെ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ വരുമ്പോഴുണ്ടാവുന്ന സാഹചര്യങ്ങള്‍ സരസമായാണ് അവതരിപ്പിക്കുന്നത്. നിര്‍മല്‍ പാലാഴിയുടേയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തമാശകളും ആദ്യ പകുതിയെ ജീവനോടെ നിര്‍ത്തുന്നതില്‍ പങ്കുവഹിച്ചു.
സച്ചിദാനന്ദന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് രണ്ടാം പകുതിയില്‍. കഥ അതിന്റെ ഫാമിലി എലമെന്റ് വിട്ട് രണ്ടാം പകുതിയില്‍ പൂര്‍ണമായും ഒരു ആക്ഷന്‍-ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്നു. ചിലയിടങ്ങളില്‍ കഥ പ്രവചനീയമായിത്തീരുന്നുണ്ട്. ക്ലൈമാക്‌സ് ട്വിസ്റ്റ് പുതുമയുള്ളതല്ലെങ്കിലും അപ്രതീക്ഷിതമാണ്.
മോഹന്‍ലാലിലെ അഭിയനയ പ്രതിഭയ്ക്ക് സച്ചിദാനന്ദന്‍ എന്ന കഥാപാത്രം ഒരു വെല്ലുവിളി ഉയര്‍ത്തുന്നേയില്ല. ലൂസിഫറിലേതും ഒടിയനിലേതും പോലെ ഒരു മാസ് ആക്ഷന്‍ കൊറിയോഗ്രഫിയുടെ അഭാവം ബിഗ് ബ്രദറിലുണ്ട്.
ഒരു ആക്ഷന്‍ ചിത്രത്തിന് വേണ്ട വേഗമോ ചടുലതയോ ചിത്രത്തില്‍ പലയിടത്തും നഷ്ടപ്പെട്ട് പോവുന്നുണ്ട്. സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും സിദ്ദീഖിന് ചിത്രം കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നു.
സിനിമയുടെ എഡിറ്റിംഗില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്. മികച്ച എഡിറ്റിംഗ് നമുക്ക് പലപ്പോഴും തിരിച്ചറിയാനാവില്ല. സിനിമയുടെ ഒഴുക്കിനൊപ്പം അത് ശ്രദ്ധിക്കപ്പെടാതെ പോവും. പക്ഷേ എഡിറ്റിംഗിലെ പാളിച്ച പ്രേക്ഷകരുടെ കാഴ്ചയെ പെട്ടെന്ന് അലോസരപ്പെടുത്തും. ചില സീനുകളില്‍ അനാവശ്യ ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയതും കണ്ടിന്യൂറ്റിക്ക് ചിലയിടങ്ങളില്‍ ബ്രേക്ക് വരുന്നതും എഡിറ്റിംഗിലെ അപാകത എടുത്ത് കാട്ടുന്നുണ്ട്.
ചിത്രത്തിന്റെ മൂഡിനനുസരിച്ച് ദൃശ്യങ്ങള്‍ ഒരുക്കി ഛായാഗ്രാഹകന്‍ ജിത്തു ദാമോദര്‍ തന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതവും ചിത്രത്തിനൊപ്പം നിന്നു. പക്ഷേ മനസില്‍ കടക്കുന്ന തരം ഒരു ആസ്വാദനപരത സംഗീതത്തിനുണ്ടായിരുന്നില്ല.
സച്ചിദാനന്ദന്റെ സുഹൃത്തുക്കളായി വേഷമിട്ട ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം എന്നിവരുടെ പ്രകടനമാണ് മറ്റ് അഭിനേതാക്കളുടെ ഇടയില്‍ നിന്ന് എടുത്ത് പറയാനാവുന്നവ. വളരെ നന്നായി കൃത്രിമത്വങ്ങള്‍ തോന്നാതെ അവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായെത്തിയ അര്‍ബാസ് ഖാനും വേദാന്തം ഐ.പി.എസ് എന്ന തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. ഹണി റോസ്, സിദ്ദീഖ് എന്നിവരും നന്നായി തന്നെ അഭിനയിച്ചു.