"ഒരു പെട്രോൾ പമ്പ്, ഒരു മലഞ്ചരക്ക് കട, കുറച്ച് റബർ മരങ്ങൾ - ഇത്രയും മാത്രമേ എന്റെ ചാച്ചൻ ഉണ്ടാക്കിയിട്ടുള്ളൂ, എന്നിട്ടും ഞാൻ ബൂർഷ്വ" - തന്നെ ബൂർഷ്വ എന്ന് വിളിച്ച കണ്ണമ്മ എന്ന കഥാപാത്രത്തോട് കോശി പറയുന്ന മറുപടി ഇതാണ്. പക്ഷേ കോശിയെ ബൂർഷ്വ എന്ന് വിളിക്കാൻ കണ്ണമ്മയ്ക്കുള്ള കാരണം ചിത്രത്തിലുടനീളം കാണാം. സത്യത്തിൽ കോശിയുടെ ബൂർഷ്വ സ്വഭാവവും അതിനെ അതേ പോലെ ചെറുക്കുന്ന അയ്യപ്പൻ എന്ന പൊലീസുകാരന്റെയും കഥയാണ് "അയ്യപ്പനും കോശിയും".
അട്ടപ്പാടി വഴി മൂന്നാറിലേക്ക് കയറിയതാണ് കോശി. വാഹനം ഓടിക്കുന്നത് ഡ്രൈവർ കുമാരനാണ്. കോശി മദ്യപിച്ച് പാതി ബോധത്തിലാണ്. വഴിയിൽ വച്ച് എക്സൈസ് വകുപ്പും ഫോറസ്റ്റ് വകുപ്പും പൊലീസും ചേർന്നുള്ള ഒരു പതിവ് ചെക്കിംഗിൽ കോശിയുടെ വാഹനവും പെടുന്നു. വണ്ടിയിൽ മദ്യക്കുപ്പി കണ്ട് ചോദ്യം ചെയ്ത പൊലീസിനോട് കോശി തട്ടിക്കയറുന്നു. അക്രമാസക്തനായ കോശിയെ എസ്.ഐ അയ്യപ്പൻ കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിലെത്തിക്കുന്നു. ഇവിടം മുതൽ അയ്യപ്പനും കോശിയും തമ്മിൽ നടക്കുന്ന ഈഗോ ക്ലാഷിന്റെയും സംഘർഷത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
അയ്യപ്പനായി സ്ക്രീനിലെത്തിയ ബിജു മേനോനും കോശിയായെത്തിയ പൃഥ്വിരാജും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരാൾക്കും മേൽക്കൈ കിട്ടാത്ത വിധം പരസ്പരം മത്സരിച്ചുള്ള അഭിനയമായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. ഇരുവർക്കും തുല്യ പ്രാധാന്യം നൽകുന്ന തിരക്കഥ കൂടി ആയപ്പോൾ അക്ഷരാർഥത്തിൽ പേരിനെ അന്വർഥമാക്കും വിധം ചിത്രം അയ്യപ്പന്റെയും കോശിയുടെയും ഷോ ആയി. പൃഥ്വിയിൽ ഇടയ്ക്കിടെ വന്ന് പോവുന്ന നെഗറ്റീവ് ഷേഡുകളും ബിജു മേനോന്റെ മാസ് പ്രകടനവും പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കും.
വെറും രണ്ട് പേർ തമ്മിലുള്ള ഈഗോ ക്ലാഷ് ആയി മാത്രം കാണാവുന്ന പ്രശ്നമല്ല ഇരുവരും തമ്മിൽ. രണ്ട് വർഗങ്ങളും രണ്ട് സ്വത്വ ബോധങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് കൂടി സിനിമ വിരൽ ചൂണ്ടുന്നുണ്ട്. ഇതേ സംഭവങ്ങൾക്കിടയിൽ അധികാരം സാധാരണക്കാരന് മേൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് കൂടെ ചർച്ച ചെയ്യുന്നു. 'ഈ കാക്കിയിട്ടപ്പോഴാണ് ഞാൻ നിവർന്ന് നിൽക്കാൻ തുടങ്ങിയത്' എന്ന് ഒരു വനിതാ പൊലീസ് പറയുന്ന അതേ പൊലീസ് സംവിധാനമാണ് നിവർന്ന് നിൽക്കാൻ സംഘടിക്കുന്ന സ്ത്രീയെ മാവോയിസ്റ്റ് എന്ന് സിനിമയിൽ മുദ്ര ചാർത്തുന്നത്. ഇത്തരത്തിൽ അയ്യപ്പനും കോശിയും തമ്മിലുള്ള മാസ് പ്രകടനങ്ങൾക്കിടയിൽ ചിത്രം ഒരു പാട് കാര്യങ്ങൾ പറഞ്ഞ് പോവുക കൂടി ചെയ്യുന്നുണ്ട്.
പൃഥ്വിരാജിനൊപ്പമുള്ള സച്ചിയുടെ മൂന്നാമത്തെ ചിത്രമാണ് 'അയ്യപ്പനും കോശിയും'. മറ്റ് രണ്ട് ചിത്രങ്ങളേക്കാൾ പൂർണതയും എൻഗേജ്മെന്റ് എലമെന്റും ഈ ചിത്രത്തിൽ കൊണ്ടുവരുന്നതിൽ സച്ചി വിജയിച്ചിട്ടുണ്ട്. ആദ്യം മുതൽ സംഭവങ്ങൾ രേഖീയമായി പറഞ്ഞ് പോവുന്ന രീതിയാണ് ചിത്രത്തിൽ. രണ്ട് പേർ തമ്മിലുള്ള വ്യക്തിപരമായ വിഷയം സിനിമയാക്കുമ്പോൾ വരാവുന്ന ഫ്ലാഷ് ബാക്ക് സീനുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അവിടിവിടായുള്ള ചില ഡയലോഗുകളിലൂടെ അയ്യപ്പന്റെ കഥാപാത്രത്തിന്റെ ഞെട്ടിക്കുന്ന പാസ്റ്റ് പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
അനാവശ്യമായി ഒരു ഭാഗത്തേക്കും കഥയുടെ ഫോക്കസ് മാറിപ്പോവാതെ പ്രേക്ഷകരെ ആദ്യാവസാനം എൻഗേജ് ചെയ്യാൻ ചിത്രത്തിനാവുന്നുണ്ട്. കഥ കൈവിട്ട് പോവുന്നോ എന്ന് പ്രേക്ഷകന് തോന്നിത്തുടങ്ങുന്ന നിമിഷം തന്നെ ട്രാക്ക് വീണ്ടും കഥയിലേക്ക് വലിച്ചിട്ട് പ്രേക്ഷകരെ എൻഗേജ് ചെയ്യുന്നതിൽ സച്ചി വിജയിച്ചിട്ടുണ്ട്.
പൃഥ്വിക്കും ബിജു മേനോനും തുല്യമായ സ്ക്രീൻ സ്പേസും തുല്യ പ്രാധാന്യവും നൽകി ബാലൻസ് ചെയ്യുന്നതിലും സച്ചിയുടെ മിടുക്ക് പ്രകടമാണ്. സിനിമയുടെ ഓരോ ഘട്ടത്തിലും ഇരുവരും പരസ്പരം മുന്നിട്ട് നിൽക്കുന്നുണ്ട്. കെട്ടുറപ്പുള്ള ഒരു തിരഥയ്ക്കൊപ്പം മികച്ച സംവിധാനം കൂടെ ആയപ്പോൾ സച്ചിയുടെ ജോലി ഭംഗിയായി.
അട്ടപ്പാടിയുടെ അന്തരീക്ഷത്തോട് ചേർന്നു നിൽക്കുന്ന സംഗീതമാണ് ചിത്രത്തിലേത്. നഞ്ചിയമ്മയുടെ പാട്ടോടു കൂടി തുടങ്ങുന്ന ചിത്രത്തിൽ പലയിടത്തും ഈരടികൾ ആവർത്തിക്കുന്നുണ്ട്. കഥാപരിസരത്തേക്ക് പ്രേക്ഷകരെ പൂർണമായും ഉൾച്ചേർക്കാൻ ജേക്സ് ബിജോയിയുടെ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
വളരെ റിയലിസ്റ്റിക് ആയ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് ഛായാഗ്രാഹകൻ സുധീപും ചിത്രത്തിന് മിഴിവ് പകർന്നു. അട്ടപ്പാടിയുടെ ദൃശ്യ ഭംഗിയും അയ്യപ്പന്റെയും കോശിയുടെയും മാനറിസങ്ങളും സുധീപിന്റെ ക്യാമറയിൽ കൂടുതൽ മികവുറ്റതായിട്ടുണ്ട്.
ചിത്രത്തിന്റെ പ്രധാന കാസ്റ്റുകൾ എല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കോശിയുടെ ചാച്ചനായി സ്ക്രീനിലെത്തിയ രഞ്ജിത്തിന്റെ റോൾ ഗംഭീരമായി. എടുത്ത് പറയേണ്ട റോൾ കണ്ണമ്മയായി വേഷമിട്ട ഗൗരി നന്ദയുടേതാണ്. കരുത്തുറ്റ ഒരു സ്ത്രീ വേഷമാണ് ഗൗരിയുടേത്. നടിയുടെ ഓരോ ഡയലോഗിനും മാനറിസങ്ങൾക്ക് പോലും തീയേറ്ററ്റൽ കയ്യടി ഉയർന്നിരുന്നു.
സാബുമോന്റെ റോൾ കുറവാണെങ്കിലും നന്നായിരുന്നു. ഷാജു, അനിൽ നെടുമങ്ങാട്, അനു മോഹൻ തുടങ്ങിയവരും നന്നായി അഭിനയിച്ചു.