തെന്നിന്ത്യയില്‍ ഏറെ വിവാദം സൃഷ്ടിച്ച നടപടിയായിരുന്നു ദളപതി വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്ത സംഭവം. പുതിയ ചിത്രമായ മാസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ഉദ്യോഗസ്ഥര്‍ വിജയ്യെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
താരത്തെ ആദായ നികുതി വകുപ്പ് 35 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിജയ്യുടെ കൈവശം അനധികൃതമായി പണമൊന്നും കണ്ടെത്താതെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
രാഷ്ട്രീയ രംഗത്ത് നിന്ന് സിനിമാ മേഖലയില്‍ നിന്നും സംഭവത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. താരത്തിനെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരാധകരുടെ ആരോപണം. ഇപ്പോഴിതാ വിജയ്‌യെ പിന്തുണച്ച് നടന്‍ വിജയ് സേതുപതിയും രംഗത്തെത്തിയിരിക്കുകയാണ്.
വിജയ്ക്ക് എതിരെ ഒരു സംഘത്തിന്റെ പ്രചാരണത്തിനെതിരെ വിജയ് സേതുപതി ട്വീറ്റ് ചെയ്യുകയായിരുന്നു. 'പോടാ, പോയ് വേറെ വേലയിരുന്താല്‍ പാര്' എന്നാണ് വിജയ് സേതുപതി ട്വിറ്ററില്‍ കുറിച്ചത്. വിജയ്‌ക്കെതിരെയുള്ള പ്രചാരണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കൂടി പങ്കുവച്ചാണ് വിജയ് സേതുപതിയുടെ പ്രതികരണം.
ഒരു ക്രിസ്ത്യന്‍ സ്ഥാപനം താരങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് വിജയ് സേതുപതി രംഗത്ത് വന്നിരിക്കുന്നത്.
വിജയ്‌യുടെ പുതിയ ചിത്രം മാസ്റ്ററില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.