ഓസ്‌കറില്‍ ഏഷ്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് പാരസൈറ്റ്. മികച്ച ചിത്രമുള്‍പ്പടെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ചിത്രം വിജയ് നായകനായ ഒരു തമിഴ് ചിത്രത്തിന്റെ കോപ്പി ആണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
മിന്‍സാര കണ്ണ എന്ന ചിത്രത്തിന്റെ കോപ്പിയാണ് പാരസൈറ്റ് എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പി.എല്‍ തേനപ്പന്‍ ആരോപിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് തേനപ്പന്‍ പാരസൈറ്റിന്റെ നിര്‍മാതാക്കളെ സമീപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യും. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണ് എന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നു. നമ്മളും അത് തന്നെ തിരിച്ച് ചെയ്യണം.' -തേനപ്പന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലുമാണ് ഇരു ചിത്രങ്ങളുടെയും സാമ്യം ചൂണ്ടിക്കാട്ടി ആദ്യം അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. അത് തമാശയായി കണ്ട് ഒരുപാട് ഷെയറുകളും തുടര്‍ അഭിപ്രായങ്ങളുമുണ്ടായി. എന്നാല്‍ സംഭവം നിര്‍മാതാവ് ഗൗരവത്തില്‍ എടുത്തിരിക്കുകയാണ് ഇപ്പോള്‍. നിര്‍മാതാവിന് പിന്തുണയുമായി സംവിധായകനും ഒപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കലാഭവന്‍ നായകനായ മലയാള ചിത്രം 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം' പാരസൈറ്റുമായി സാമ്യമുള്ള പ്ലോട്ട് ആണെന്നും ഓണ്‍ലൈനില്‍ ചര്‍ച്ച വന്നിരുന്നു.
ധനികരുടെ വീട്ടില്‍ ഓരോ ജോലിക്കായി ഒരേ കുടുംബത്തിലെ വിവിധ അംഗങ്ങല്‍ കയറിപ്പറ്റുകയും തുടര്‍ന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് പാരസൈറ്റ് എന്ന ചിത്രം. ഇതിന് സമാനമാണ് 1999-ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണായും എന്നാണ് ആരോപണം. വിജയ്, രംഭ, മോണിക്ക, കാസ്‌റ്റെലിനോ, ഖുശ്ബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തത്.
മികച്ച തിരക്കഥ, മികച്ച സംവിധാനം, മികച്ച വിദേശ ചിത്രം, മികച്ച ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്.