ഏഷ്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം കൊയ്ത ഓസ്‌കറായിരുന്നു ഇത്തവണത്തേത്. ദക്ഷിണ കൊറിയന്‍ ചിത്രം 'പാരസൈറ്റ്' മികച്ച ചിത്രം ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയത്. ഇന്ത്യന്‍ ചിത്രങ്ങള്‍ ഒന്നും ലിസ്റ്റില്‍ ഇല്ലായിരുന്നെങ്കിലും ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിരുന്നു.
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ റാപ്പര്‍ ഉത്കര്‍ഷ് അംബുദ്കറിന്റെ കിടിലം റാപ്പാണ് ഓസ്‌കര്‍ വേദിയെ ആവേശത്തിലാക്കിയത്. ഓസകര്‍ ചടങ്ങിന്റെ സംക്ഷിപ്തം റാപ്പിലൂടെ അവതരിപ്പിക്കുകയായിരുന്നു ഉത്കര്‍ഷ്.
എം.ടി.വി ഡെസിയിലെ മുന്‍ അവതാരകനായിരുന്ന ഉത്കര്‍ഷ് പിച്ച് പെര്‍ഫെക്ട് എന്ന കോമഡി ചിത്രത്തിലൂടെ ശ്രദ്ധേയനാണ്. ദി മൈന്‍ഡി പ്രൊജക്ട്, ദി മപ്പെറ്റ്‌സ് എന്നീ ടി.വി ഷോകളിലൂടെയും താരം പ്രസിദ്ധനാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കറിലേത് പോലെ ഈ വര്‍ഷത്തെ ഓസ്‌കര്‍ ചടങ്ങിലും അവതാരകന്‍ ഇല്ലായിരുന്നു. നടന്‍ കെവിന്‍ ഹാര്‍ട്ടായിരുന്നു കഴിഞ്ഞ വര്‍ഷം അവതാരകനാകേണ്ടിയിരുന്നത്. പക്ഷേ സ്വവര്‍ഗരതിക്കാര്‍ക്കെതിരെ കെവിന്റെ പഴയ ട്വീറ്റുകള്‍ ഉയര്‍ന്ന് വന്നതോടെ കെവിന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.
മികച്ച ചിത്രം, മികച്ച അന്താരാഷ്ട ചിത്രം, മികച്ച തിരക്കഥ, സംവിധാനം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. ജോക്കറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജൂഡിയിലെ നായിക റെനേ സെല്വേഗര്‍ ആണ് മികച്ച നടി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ പ്രകടനത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു.