ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് കട്ട് നിര്‍ദേശിച്ച് തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ നിന്ന് 17 മിനിറ്റ് നീക്കം ചെയ്യണമെന്നാണ് തിരുവനന്തപുരം സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിച്ചതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിന് വഴങ്ങാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായില്ലെന്നും ഇതേ തുടര്‍ന്ന് ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 11-ന് മുംബൈ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രം കാണുമെന്നും തിരുവനന്തപുരം ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളില്‍ തീരുമാനം എടുക്കുമെന്നും എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.
അന്‍വര്‍ റഷീദ് ഏഴു വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. ചിത്രം ഫെബ്രുവരി 14-നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം. അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.
ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ധര്‍മജന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തിന്‍ കഥാപാത്രങ്ങളായെത്തുന്നു.