എയര്‍ ഡെക്കാന്‍ വിമാനക്കമ്പനിയുടെ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥന്റെ കഥപറയുന്ന ചിത്രമാണ് സൂരറൈ പോട്ര്. സൂര്യ നായകനാവുന്ന ഈ ചിത്രത്തിന്റെ വ്യത്യസ്തമായ ഓഡിയോ ലോഞ്ച് ചടങ്ങ് കയ്യടി നേടുകയാണ്.
വിമാനത്തില്‍ കയറിയിട്ടില്ലാത്ത 100 കുട്ടികളുമായി ആകാശത്ത് പറന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് ഈ പ്രത്യേക പരിപാടി. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികളാണ് ഓഡിയോ ലോഞ്ചിന് അതിഥികളായത്.
ഉപന്യാസ രചനാ മത്സരത്തിലൂടെയാണ് യാത്രയ്ക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. മനസിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്വപ്‌നത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ എഴുതാനായിരുന്നു ഉപന്യാസത്തിലെ വിഷയം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഈ ആശയത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
സൂര്യയുടെ 38-ാം ചിത്രമാണ് സൂരറൈ പോട്ര്. ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുധ കൊങ്ങരയാണ് ചിത്രത്തിന്റെ സംവിധാനം. മാധവന്‍ നായകനായ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.
2 ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ഗുനീത് മോങ്ക എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സുധാ കൊങ്ങറ, ശാലിനി ഉഷാദേവി, ആലിഫ് സുര്‍തി, ഗണേഷ എന്നിവരാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജി.പി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കും. നികേഷ് ബൊമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.
മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കരുണാസ്, ജാക്കി ഷ്രോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നു.