സിനിമയിലെ ആരാധന പുരുഷന്മാരുടെ മദ്യപാന രംഗങ്ങളും, പുകവലിയും കുട്ടികളെ സ്വാധീനിക്കുന്നതിനാൽ അത്തരം രംഗങ്ങൾ സിനിമയിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. നിലവിൽ അത്തരം രംഗങ്ങൾ കാണിക്കേണ്ടി വന്നാൽ സ്‌ക്രീനിൽ മുന്നറിയിപ്പ് നൽകണമെന്നതാണ് ചട്ടം. എന്നാൽ ഇനിമുതൽ അത്തരം രംഗങ്ങൾ പൂർണ്ണമായും ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നതാണ് പുതിയ നിർദേശം. സീരിയലുകൾക്കും ഈ നിയമം ബാധകമാക്കണമെന്ന് സെൻസർ ബോർഡിന് ശുപാർശ നൽകിയിട്ടുണ്ട്.
എന്നാൽ ഈ ശുപാർശ തികച്ചും അടിസ്ഥാന രഹിതമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു വരികയാണ്. ഇത്തരം മാറ്റങ്ങൾ വരുത്തിയാൽ സിനിമ യാഥാർഥ്യത്തിൽ നിന്നും വ്യതിചലിക്കുമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. ഇത് സിനിമയെ പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്താൻ മാത്രമേ സഹായിക്കൂ. തിയേറ്ററിൽ ആള് കുറഞ്ഞാൽ സിനിമ വ്യവസായത്തിന് തന്നെ ദോഷകരമായ തീരുമാനമായിരിക്കും എന്ന തരത്തിലാണ് ശുപാർശയെ ഒരു കൂട്ടം പ്രേക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ പുതിയ തീരുമാനം യുവജനതയ്ക്ക് ലഹരി വസ്തുക്കളോടുള്ള താൽപ്പര്യം ഇല്ലാതാക്കാൻ സഹായിക്കുമെന്നും. ശരിയായ തീരുമാനമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ആരുടെ ഭാഗം വിജയിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും. സൂപ്പർ താര മാസ്സ് ചിത്രങ്ങളിൽ മദ്യവും, പുകവലിയും അലങ്കാരമായി കാണുന്ന കുറച്ചു പ്രേക്ഷകർക്കെങ്കിലും ഈ ശുപാർശ കനത്ത തിരിച്ചടിയാണ് നൽകിയത്.