തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ആകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു ശങ്കറിന്റെ ഇന്ത്യന്‍ 2-ന്റെ ലൊക്കേഷനില്‍ ഉണ്ടായത്. ടെന്‍റിന് മുകളില്‍ ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ മൂന്ന് പേരാണ് അന്ന് മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ നിന്ന് ശങ്കര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപകടത്തിന്റെ ഷോക്കിലായിരുന്ന സംവിധായകന്‍ ശങ്കര്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച സംവിധായകന്‍ തന്റെ അതീവ ദുഃഖവും രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ശങ്കറിന്റെ പ്രതികരണം.
'ഏറ്റവും കൊടിയ ദുഃഖത്തോടെയാണ് ട്വീറ്റ് ചെയ്യുന്നത്. ആ അപകടത്തിന് ശേഷം ഞാന്‍ ഷോക്കിലായിരുന്നു. എന്റെ സഹസംവിധായകന്റെയും സഹപ്രവര്‍ത്തകരുടെയും മരണത്തില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് ക്രെയിന്‍ വീഴുന്നതില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്. പക്ഷേ, അത് എന്റെ മേല്‍ വീഴുന്നതായിരുന്നു നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നത്. കുടുംബങ്ങള്‍ക്ക് അനുശോചനങ്ങളും പ്രാര്‍ഥനയും അറിയിക്കുന്നു.' ശങ്കര്‍ കുറിച്ചു.
ഈ മാസം 19-ന് അര്‍ധ രാത്രിയാണ് അപകടമുണ്ടായത്. സഹസംവിധായകന്‍ കൃഷ്ണ, സെറ്റിലെ കാറ്ററിംഗ് സംഘത്തിലെ മധു, ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഒരു സീനില്‍ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുന്ന ടെന്റിന് മുകളിലേക്ക് വീഴുകയായിരുന്നു.