രമ്യ നമ്പീശന്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം 'അണ്‍ഹൈഡ്' റിലീസ് ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
നിത്യ ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുമ്പോള്‍ പോലും പുരുഷ നോട്ടങ്ങളെ ഭയക്കേണ്ടി വരുന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറ്റപ്പെടുത്തുന്നതിനെക്കുറിച്ചും രമ്യ വീഡിയോയില്‍ അവതരിപ്പിക്കുന്നു.
ഈ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ ഇനി അപ്രത്യക്ഷരാവണോ എന്നാണ് ചിത്രം ചോദിക്കുന്നത്. ശരീരം മറച്ച് നടന്നാലും മറയ്ക്കാതെ നടന്നാലും പെണ്ണിന് രക്ഷയുണ്ടോ? പുരുഷന് വിരിഞ്ഞ നെഞ്ച് അഭിമാനമാണ്, എന്നാല്‍ പെണ്ണിന് വലിയ നെഞ്ചിനോടൊപ്പം ഭയവും ഒപ്പം കൂടുന്നുവെന്ന് അറിയാമോ? മാരിറ്റല്‍ റേപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അണ്‍ഹൈഡ് ആണ് ചര്‍ച്ച ചെയ്യുന്നത്.
രമ്യ നമ്പീശന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ശ്രിത ശിവദാസനും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. രാഹുല്‍ സുബ്രമണ്യനാണ് സംഗീതം. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്.