സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡിസ്‌കവറി ചാനല്‍ അവതാരകന്‍ ബിയര്‍ ഗ്രില്ലിനൊപ്പം രാജ്യാന്തര ടെലിവിഷന്‍ ഷോ ആയ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. പരിപാടിയുടെ ചിത്രീകരണത്തിനിടെ ഇന്നലെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ വച്ച് താരത്തിന് അപകടം പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രജനീകാന്ത് പങ്കെടുക്കുന്നത് മാന്‍ വേഴ്‌സസ് വൈല്‍ഡ് അല്ലെന്നും പുതിയൊരു പരിപാടിയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍.
'ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ്' എന്നാണ് പുതിയ പരിപാടിയുടെ പേര്. ജല സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി വിഷയമാക്കുന്ന പരിപാടി നിര്‍മിക്കുന്നത് നാച്യുറല്‍ സ്റ്റുഡിയോസും ബനിജയ് ഏഷ്യയും ചേര്‍ന്നാണ്. 43-വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ രജനീകാന്തിന്റെ ആദ്യ ടെലിവിഷന്‍ പരിപാടിയാണ് 'ഇന്‍ ടു ദി വൈല്‍ഡ്'.
ബിയര്‍ ഗ്രില്‍സിന്റെ തന്നെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്‍ ടു ദി വൈല്‍ഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
'ഇന്‍ ടു ദി വൈല്‍ഡ് ശരിക്കും ഒരു വ്യത്യസ്തമായ ഷോ ആണ്. അഡ്രിനലിന്‍ റഷ് ന്ല്‍കുന്ന ത്രില്ലിങ് നിമിഷങ്ങള്‍ ഉള്ളപ്പോള്‍ തന്നെ മൊത്തം സമൂഹത്തിന് വേണ്ടിയുള്ള സന്ദേശം ഉള്‍ക്കൊള്ളുന്നതുമാണ്. അതു കൊണ്ടുതന്നെ ഡിസ്‌കവറി എന്നെ സമീപിച്ചപ്പോള്‍ നാല് പതിറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തിന് ശേഷം എന്റെ ടെലിവിഷന്‍ അരങ്ങേറ്റത്തിന് ഞാന്‍ സമ്മതിക്കുകയായിരുന്നു.' - രജനീകാന്ത് പറഞ്ഞു.
എല്ലാ ഇന്ത്യക്കാരും ജല സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്നും സര്‍ക്കാര്‍ തലത്തിലും വ്യക്തിഗത തലത്തിലും ഈ യുദ്ധം നയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എനിക്ക് തോന്നുന്നത് ഇന്ത്യയിലെ എല്ലാ വീടുകളിലും ജല സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമെത്തിക്കാന്‍ ഈ പരിപാടി പറ്റിയ ഒരു മാര്‍ഗമാണെന്നാണ്' - അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രീകരണത്തിനിടെ മുറിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ചെറിയ മുള്ളുകള്‍ കൊണ്ട് പോറലുകള്‍ ഉണ്ടാവുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും രജനീകാന്ത് വ്യക്തമാക്കി.
ഇതിന് മുമ്പേ ബിയര്‍ ഗ്രില്‍സിന്റെ മാന്‍ വേഴ്‌സസ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.