പൃഥ്വിയുടെ സ്വപ്‌ന സിനിമയാണ് ആടു ജീവിതം. ചിത്രത്തിന് വേണ്ടി തന്റെ മുഴുവന്‍ സമയവും മാറ്റിവെക്കാന്‍ പോവുകയാണ് താരം അടുത്ത മാസം മുതല്‍. ചിത്രത്തിലെ വേഷത്തിന് വേണ്ടി ശരീര ഭാരം കുറച്ച് നേരത്തെ തന്നെ പൃഥ്വി പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന്റെ ഭാരം ഓരോ ദിവസവും വീണ്ടും വീണ്ടും കുറയുന്നതാണ് കാണാന്‍ സാധിക്കുന്നത്.
താരത്തിന്റെ ഒരു വീഡിയോ പുറത്ത് വന്നതോടെ ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ശരീരം തീരെ മെലിഞ്ഞ പൃഥ്വിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആരാധകര്‍ ചെറിയ ആശങ്കയിലുമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്‌ക്കൊപ്പം പൃഥ്വിയുടെ ഡെഡിക്കേഷന് അഭിനന്ദനങ്ങള്‍ അറിയിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
ആടുജീവിതത്തിനായി പൃഥ്വിരാജ് ഏകദേശം 30 കിലോയോളം ഭാരമാണ് കുറച്ചിരിക്കുന്നത്. ഇത്തരമൊരു സാഹസം ചെയ്യാന്‍ താന്‍ ആരോടും നിര്‍ദേശിക്കില്ലെന്നാണ് ഭാരം കുറച്ചതിനെക്കുറിച്ച് പൃഥ്വി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇത് അപകടമാണെന്നും കൃത്യമായ വൈദ്യനിരീക്ഷണം ഉള്ളതിനാലാണ് തനിക്ക് അപകടമൊന്നുമില്ലാതതെന്നും പൃഥ്വി പറഞ്ഞിരുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ അടുത്ത മാസം ആരംഭിക്കും. ഷൂട്ടിംഗിനായി പൃഥ്വി ഈ മാസം അവസാനം ജോര്‍ദാനിലേക്ക് തിരിക്കാനൊരുങ്ങുകയാണ്.
എ.ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സഗീതം നിര്‍വഹിക്കുന്നത്. ഇതോടെ 28 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. 1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം യോദ്ധയിലാണ് റഹ്മാന്‍ ആദ്യമായും അവസാനമായും മലയാളത്തില്‍ സംഗീതം ചെയ്തത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആടുജീവിതത്തില്‍ അമല പോള്‍ നായികയായെത്തുന്നു. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് നിര്‍മാണം.