ഓസ്‌കറില്‍ ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കൊറിയന്‍ ചിത്രം 'പാരസൈറ്റ്'. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരമാണ് ചിത്രം നേടിയത്. ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് പാരസൈറ്റ്
ഈ അവസരത്തില്‍ നമുക്കും ഓസ്‌കര്‍ സ്വപ്‌നം കണ്ടു തുടങ്ങാമെന്ന് പ്രതികരിച്ചിരിക്കുകയാണ് മലയാളത്തിലെ യുവതാരം നീരജ് മാധവ്. ഒരു കൊറിയന്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ഥം നമുക്ക് എല്ലാവര്‍ക്കും ഇത് എത്തിപ്പിടിക്കാവുന്നതാണെന്നും നീരജ് ഇന്‍സ്റ്റയില്‍ കുറിച്ചു.
'ചരിത്രം, മികച്ച വിദേശ ചിത്രം എന്നത് മികച്ച അന്താരാഷ്ട്ര ചിത്രം എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു. ആ മികച്ച അന്താരാഷ്ട്ര ചിത്രം, ഒരു കൊറിയന്‍ ചിത്രം ഓസ്‌കറില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതിനര്‍ഥം ഇത് നമുക്ക് എല്ലാവര്‍ക്കും എത്തിപ്പിടിക്കാവുന്നതാണെന്നാണ്. ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും. നമുക്കെല്ലാവര്‍ക്കും ഇനി ഓസ്‌കര്‍ ജയിക്കുന്നത് സ്വപ്നം കണ്ടു തുടങ്ങാം.' - നീരജ് മാധവന്‍ കുറിച്ചു.
കിം എന്നയാളുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് പാരസൈറ്റ്. രണ്ട് കുടുംബങ്ങളിലൂടെ രണ്ട് വര്‍ഗങ്ങളുടെയും വര്‍ഗ സംഘര്‍ഷത്തിന്റെയും കഥ പറയുകയാണ് പാരസൈറ്റ്. 2019-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്.