ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് മലയാളത്തിന്റെ പ്രിയ നായിക നവ്യ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജുവാര്യരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു.
നവ്യയുടെ ഫുള്‍ കാന്‍വാസ് ചിത്രത്തിന് പുറമെ ഒരു കുട്ടിയുടെ കൈപിടിച്ച് ഓടുന്ന നവ്യയുടെ ചിത്രം കൂടി ഉള്‍പ്പെടുന്നതാണ് ഫസ്റ്റ്‌ലുക്ക്. തീ പടര്‍ന്ന പശ്ചാത്തലത്തില്‍ 'ഒരുത്തീ' എന്ന് എഴുതിയതാണ് ടൈറ്റില്‍. 'ഒരുത്തി എന്നും' എന്നും 'ഒരു തീ' എന്നും രണ്ട് തരത്തില്‍ വായിക്കാവുന്നതാണ് ടൈറ്റില്‍.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പോള്‍ എഡിറ്റിംഗും ഗോപി സുന്ദര്‍, തകര ബാന്‍ഡ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കും. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.
2014-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ദൃശ്യ ആണ് ആണ് നവ്യ അഭിനയിച്ച അവസാന ചിത്രം. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും നൃത്ത രംഗത്തും ടി.വി പരിപാടികളിലും നവ്യ സാന്നിധ്യം അറിയിച്ചിരുന്നു.
തിരിച്ച് വരവ് അറിയിച്ചു കൊണ്ട് നവ്യ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മഞ്ജുവാര്യരും മമ്മൂട്ടിയും തങ്ങളുടെ പേജുകളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലൂക്ക് പോസ്റ്റര്‍ പുറത്ത് വിടുമെന്നും വീഡിയോയില്‍ താരം അറിയിച്ചിരുന്നു.