ചുറ്റും കൂടി നില്‍ക്കുന്ന ആയിരങ്ങള്‍. അവര്‍ക്ക് നടുവില്‍ കാരവാനിന് മുകളിലേക്ക് സ്റ്റൈലില്‍ കയറുന്ന നടന്‍ വിജയ്. വാനിന് മുകളില്‍ നിന്ന് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് ആള്‍ക്കൂട്ടത്തിനൊപ്പം സെല്‍ഫി എടുക്കുന്നു- ഒരു സിനിമയിലെ മാസ് സീന്‍ അല്ല. ഇന്നലെ മാസ്റ്റര്‍ ഷൂട്ടിംഗ് നടക്കുന്ന നെയ്‌വേലിയില്‍ നടന്ന സംഭവമാണ്.
ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ട് വിജയ്‌യെ ആദായ നികുതി വകുപ്പ് 35 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിജയ്‌യുടെ കൈവശം അനധികൃതമായി പണമൊന്നും കണ്ടെത്താതെയാണ് ആദായ നികുതി വകുപ്പ് മടങ്ങിയത്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മാസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നാണ് താരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.
താരത്തിനെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരാധകരുടെ ആരോപണം. സര്‍ക്കാരിനെതിരെ തന്റെ ചിത്രത്തിലൂടെ പ്രതികരിക്കുന്നതാണ് വിജയ്‌യെ ടാര്‍ജറ്റ് ചെയ്യാനുള്ള കാരണമെന്ന് ആരാധകര്‍ പറയുന്നു. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയ്‌ക്കെതിരെയുള്ള സംഭാഷണത്തിന്റെ പേരില്‍ മെര്‍സല്‍ എന്ന ചിത്രം വിവാദമായിരുന്നു. താരത്തിന്റെ പല ചിത്രങ്ങള്‍ക്കെതിരെയും നേരത്തെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് തടയാനും ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായിരുന്നു.
ഈ അവസരത്തിലാണ് വിജയ് തന്റെ ആരാധകരെ അഭിസംബോധന ചെയ്ത് മാസ് ആയിരിക്കുന്നത്.