വിജയ്യുടെ മാസ്റ്ററിലെ കുട്ടികഥൈ സോങ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. 6.5 മില്ല്യണ്‍ വ്യൂസാണ് 24 മണിക്കൂറിനുള്ളില്‍ പാട്ടിന് ലഭിച്ചത്. ഇപ്പോഴിതാ പാട്ടിന്റെ കമ്പോസര്‍ അനിരുദ്ധ് രവിചന്ദറും ഒരു ഹിറ്റ് കുറിച്ചിരിക്കുകയാണ്.
സോഷ്യല്‍ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോകില്‍ ഇന്ന് ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് അനിരുദ്ധ്. താന്‍ ഇനിമുതല്‍ ടിക് ടോകിലും സജീവമായിരിക്കുമെന്ന് വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്താണ് താരത്തിന്റെ ടിക് ടോക് എന്‍ട്രി. മണിക്കൂറുകള്‍ക്കകം തന്നെ നാല് മില്ല്യണ്‍ വ്യൂസ് ആണ് വീഡിയോ നേടിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഈ സമയം കൊണ്ട് അനിരുദ്ധ് കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം, മാസ്റ്ററിലെ കുട്ടി കഥൈ പാട്ട് യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. സമീപ കാലത്ത് താരത്തിനെതിരെയുണ്ടായ സര്‍ക്കാര്‍ നടപടികള്‍ക്ക് താരം പാട്ടിലൂടെ മറുപടി നല്‍കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 'ഹേറ്റേഴ്സിന്റെ വെറുപ്പ് അവഗണിക്കൂ' എന്ന വരിയൊക്കെ അത്തരത്തിലുള്ളതാണെന്നാണ് ആരാധകരുടെ വാദം. മാസ്റ്റര്‍ സെറ്റില്‍ വച്ചുള്ള വിജയ്യുടെ ഐക്കോണിക് സെല്‍ഫിയും മറ്റൊരു തരത്തില്‍ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് ഗ്രാഫിക്കലായി പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഒരുക്കിയിട്ടുള്ളത്. വിജയ് കുട്ടികളെ ഉപദേശിക്കുന്ന തരത്തിലുള്ള പാട്ടാണ് കുട്ടി സോങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.