പൂര്‍ണിമ ഇന്ദ്രജിത്ത് തന്റെ ഇളയ മകള്‍ നക്ഷത്രയെ ചുണ്ടോട് ചേര്‍ത്ത് ഉമ്മ വയ്ക്കുന്ന ചിത്രത്തിന് അമ്മായിയമ്മ മല്ലിക സുകുമാരന്‍ നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. സ്നേഹവും വാത്സല്യവും വ്യക്തമാക്കുന്ന ചിത്രവും കുറിപ്പുമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.
'അടുപ്പം സ്വാതന്ത്ര്യത്തിന് തടസമല്ല. അത് വളര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുക, അവരെ ചുംബിക്കുക, അവരെ കെട്ടിപ്പിടിക്കുക. എന്തുതന്നെയായാലും നിങ്ങള്‍ അവരെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് അവരോട് ഇടയ്ക്കിടെ പറയുക.' ചിത്രത്തോടൊപ്പം പൂര്‍ണിമ കുറിച്ചു.
ചിത്രത്തിന് താഴെ മല്ലിക സുകുമാരന്‍ ഇങ്ങനെ കമന്റ് ചെയ്തു: 'ശരിയാണ്... അമ്മയ്ക്കും രണ്ടു ബേബീസ് ഉണ്ട്. മോള് പറഞ്ഞത് പോലെയൊക്കെ ചെയ്യണമെന്നുണ്ട്. കണ്ടാല്‍ ഈ വഴിയൊക്കെ ഒന്ന് വരാന്‍ പറയണേ.'
മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും സൂചിപ്പിച്ചായിരുന്നു മല്ലികയുടെ കമന്റ്. മല്ലികയുടെ കമന്റിന് മറുപടിയുമായി ആരാധകരും എത്തി. തിരക്കായത് കൊണ്ടല്ലേ, ഓണത്തിന് ഒത്തു കൂടാമല്ലോ എന്നും അമ്മയുടെ ഈ വാക്ക് കേട്ടാല്‍ ലോകത്തിന്റ ഏത് കോണില്‍ നിന്നും മക്കള്‍ പറന്നെത്തുമെന്നും ആരാധകര്‍ ആശ്വസിപ്പിച്ചു.
അധികം വൈകാതെ തന്നെ കമന്റില്‍ വ്യക്തതയുമായി മല്ലികാ സുകുമാരന്‍ തന്നെ വീണ്ടുമെത്തി. 'അല്ലെങ്കിലും കൂടാറുണ്ട്.... എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ.' എന്നായിരുന്നു മല്ലിക മറ്റൊരു കമന്റില്‍ വ്യക്തമാക്കിയത്.
അതേസമയം, രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തുറമുഖത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിവിന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ ബിജു മേനോന്, നിമിഷ സജയന്, അര്ജുന് അശോകന്, ഇന്ദ്രജിത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.