ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകര്‍ മലയാളികളാണെന്ന് രാജ്യത്തെ മുന്‍നിര ചിത്രസംയോജകനായ എ. ശ്രീകര്‍ പ്രസാദ്. ചെറിയ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രോത്സാഹനം വലിയ പ്രചോദനമാണെന്നും മലയാളി പ്രേക്ഷകരെ എളുപ്പമൊന്നും പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ദര്‍ബാറിന്റെ വിജയത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകര്‍ മലയാളികളാണ്. അത് അംഗീകരിക്കാതെ വയ്യ. ചെറിയ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രോത്സാഹനം വലിയ പ്രചോദനമാണ്. ഈയിടെ മലയാളത്തില്‍ പുറത്തിറങ്ങിയ കൊച്ചുസിനിമകളുടെ വിജയം തന്നെ അതിന് ഉദാഹരണമാണ്. മലയാളി പ്രേക്ഷകരെ അങ്ങനെയൊന്നും പറ്റിക്കാന്‍ സാധിക്കുകയില്ല.' - അദ്ദേഹം പറയുന്നു.
2000-ത്തിന് ശേഷം അന്യഭാഷ അനുകരണങ്ങള്‍ മലയാളത്തില്‍ കടന്നു വന്നത് സിനിമകളുടെ നിലവാരം താഴ്ത്തിയെന്നും ആ ട്രെന്‍ഡിന് വലിയ മാറ്റം വന്നത് 2010-ന് ശേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ആ ട്രെന്‍ഡിന് ഒരു വലിയ മാറ്റം വന്നത് 2010-ന് ശേഷമാണ്. മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും പ്രത്യേകിച്ച് പുതിയ തലമുറയിലുള്ളവര്‍ സജീവമായതോടെ മലയാള സിനിമ വീണ്ടും മാറ്റത്തിന്റെ പാതയിലെത്തി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയാണ് മലയാള സിനിമയിപ്പോള്‍.' - അദ്ദേഹം പറഞ്ഞു.
വിജി തമ്പി, സംഗീത് ശിവന്‍, ഷാജി എന്‍. കരുണ്‍, ജയരാജ് ഉള്‍പ്പടെയുള്ള മലയാളത്തിലെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് മലയാളത്തില്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലെ ഒട്ടനവധി ചിത്രങ്ങള്‍ക്ക് പുറമെ, ദര്‍ബാര്‍, സാഹോ, കാല തുടങ്ങി ബ്രഹ്മാണ്ഡ ചിത്രങ്ങളുള്‍പ്പടെ പലഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ചയാളാണ് ശ്രീകര്‍ പ്രസാദ്. വിജയ്‌യുടെ മാസ്റ്റര്‍, മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍, ശങ്കറിന്റെ ഇന്ത്യന്‍ 2, ബ്ലെസിയുടെ ആടുജീവിതം എന്നിവയാണ് ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.