രണ്ട് ദിവസം നീണ്ടു നിന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ തമിഴ് നടന്‍ വിജയ് വീണ്ടും മാസ്റ്റര്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്‌യെ ചോദ്യം ചെയ്യാനായി വിളിച്ച് കൊണ്ടു പോയത്. താരത്തെ ചോദ്യം ചെയ്തത് ആരാധകര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും വന്‍ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. ചോദ്യം ചെയ്യലും തുടര്‍ന്നുണ്ടായ റെയ്ഡുകളും രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരാധകരുടെ ആരോപണം. അതേസമയം വിജയ്ക്ക് പരസ്യമായി പിന്തുണയറിച്ച് മലയാളത്തില്‍ നിന്നുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.
'ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു' എന്നാണ് മലയാള നടന്‍ ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഹരീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ്‌ക്കൊപ്പം മെര്‍സലില്‍ ഹരീഷും അഭിനയിച്ചിരുന്നു.
പ്രതീകാത്മക പോസ്റ്റര്‍ പങ്കുവച്ചാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പിന്തുണയറിയിച്ചത്. വിജയ്‌യുടെ പുതിയ ചിത്രം മാസ്റ്ററിന്റെ പോസ്റ്ററാണ് ലിജോ പോസ്റ്റ് ചെയ്തത്. കറുത്ത വസ്തങ്ങള്‍ അണിഞ്ഞ ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് തിരിഞ്ഞ് നിന്ന് ക്യാമറയെ നോക്കി 'മിണ്ടരുത്' എന്ന് കൈ കൊണ്ട് ആംഗ്യ കാണിക്കുന്ന വിജയ്‌യുടെ ഈ ചിത്രം ഓണ്‍ലൈനില്‍ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നു.
മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയുള്ള ദളപതിയുടെ പ്രസംഗത്തിനായി കാത്തിരിക്കുന്നു എന്നാണ് അജു വര്‍ഗീസ് കുറിച്ചത്. തന്റെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ കിടിലന്‍ പ്രസംഗങ്ങള്‍ നടത്തുന്ന പതിവ് വിജയ്ക്കുണ്ട്. ഇത്തവണ റെയ്ഡുമായി ബന്ധപ്പെട്ട് തീപ്പൊരി പ്രസംഗം നടത്തിയേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഹൃദയത്തിന്റെ സ്‌മൈലിക്കൊപ്പം വിജയ്‌യുടെ ചിത്രം പങ്കുവച്ചാണ് നടന്‍ ശ്രീനാഥ് ഭാസി തന്റെ പിന്തുണ അറിയിച്ചത്.
അതേസമയം, വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായ പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.