ഒരപൂര്‍വ്വ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് മലയാള സിനിമ. അച്ഛന്റെ തിരക്കഥയില്‍ മകന് സംവിധാനം ചെയ്യും. ആ ചിത്രം നിര്‍മിക്കുന്നതാവട്ടെ മരുമകനും. മലയാളത്തിലെ പ്രിയ സംവിധായകനും നടനുമായ ലാല്‍ ആണ് തിരക്കഥാകൃത്ത്. മകന് ലാല്‍ ജൂനിയര്‍ സംവിധാനം നിര്‍വഹിക്കുന്നു. 'Tസുനാമി' എന്ന് പേരിട്ട ചിത്രം നിര്‍മിക്കുന്നത് പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന് ആന്റണിയാണ്. ലാലിന്റെ മരുമകനാണ് അലന്.
ചിത്രത്തിന്റെ പൂജ നാളെ രാവിലെ 9.30-ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നടക്കും. 'നിഷ്കളങ്കമായ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
ഒരിടവേളയ്ക്ക് ശേഷം ലാല്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ് Tസുനാമി. 2016-ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറാണ് ലാല്‍ അവസാനം തിരക്കഥ രചിച്ച ചിത്രം.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.