കുഞ്ചാക്കോ ബോബന്റെ പുതിയ ക്രൈം ത്രില്ലര്‍ 'അഞ്ചാം പാതിരാ' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. കുഞ്ചാക്കോയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോയുടെ ഒരു ഇമേജ് ബ്രേക്കറാണ് ചിത്രത്തിലെ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രം. ചോക്കളേറ്റില്‍ നിന്ന് ഡാര്‍ക്ക് ചോക്കളേറ്റിലേക്ക് എന്നാണ് കുഞ്ചാക്കോ ബോബന്‍ തന്നെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്.
അനിയത്തിപ്രാവു മുതലുള്ള തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിന് തന്റെ പ്രേക്ഷകരോട് നന്ദി അറിയിക്കുകയാണ് കുഞ്ചാക്കോ ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ചാക്കോ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സുധിയില്‍ നിന്ന് അന്‍വറിലേക്കുള്ള യാത്ര - രണ്ട് പതിറ്റാണ്ട്' എന്ന ടൈറ്റിലിലുള്ള ഒരു പോസ്റ്ററും കുഞ്ചാക്കോ പങ്കുവച്ചിട്ടുണ്ട്.
'എ.പി മുതല്‍ എ.പി വരെ,
അനിയത്തിപ്രാവ് മുതല്‍ അഞ്ചാം പാതിരാ വരെ
സുധി മുതല്‍ അന്‍വര്‍ ഹുസൈന്‍ വരെ
ചോക്കളേറ്റില്‍ നിന്ന് ഡാര്‍ക്ക് ചോക്കളേറ്റിലേക്ക്
മികച്ച പ്രണയചിത്രങ്ങളിലൊന്നില്‍ നിന്ന്
മികച്ച ക്രൈം ത്രില്ലറിലൊന്നിലേക്ക്...
അനുഗ്രഹങ്ങള്‍ ഓര്‍ത്ത് വെക്കുന്നു, പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എല്ലാവര്‍ക്കും നൂറുകോടി നന്ദി, സ്‌നേഹം.' കുഞ്ചാക്കോ കുറിക്കുന്നു.
അതേസമയം, പുതിയ ചിത്രം അഞ്ചാം പാതിരാ ബോക്‌സ് ഓഫിസില്‍ മുന്നേറുകയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. സീരിയല്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും വേഷമിടുന്നു.
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരാ നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
ജിസ് ജോയിയുടെ 'മികച്ച നടന്‍ മോഹന്‍കുമാര്‍', ജോണ്‍ പോള്‍ ചിത്രം മറിയം ടൈലേഴ്‌സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍.