ഉയരക്കുറവ് മൂലം പരിഹസിക്കപ്പെട്ട് പൊട്ടിക്കരയുന്ന ഖ്വാദന്‍ ബെയില്‍സ് എന്ന കൊച്ചു കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തിയിരുന്നു. ഉയരക്കുറവ് കാരണം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ഒന്‍പത് വയസുകാരന്‍ ഖ്വാദന്റെ വീഡിയോ അമ്മ യരക്ക ബെയില്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
'ഒരു കയറു തരൂ, എനിക്ക് ആത്മഹത്യ ചെയ്യണം' എന്നാണ് കൊച്ചു ഖ്വാദന്‍ വീഡിയോയില്‍ പറയുന്നത്. മകനെ സ്‌കൂളില്‍ നിന്ന് തിരിച്ച് വിളിക്കാന്‍ ചെന്നതായിരുന്നു അമ്മ യരക്ക ബെയില്‍സ്. അപ്പോഴാണ് മറ്റ് കുട്ടികള്‍ ഖ്വാദന്റെ തലയില്‍ അടിച്ച് കൊണ്ട് ഉയരത്തെ പരിഹസിക്കുന്നത് കണ്ടത്. തുടര്‍ന്ന് കുട്ടി പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്.
'ബുള്ളിയിംഗ് കൊണ്ട് ഒരു കുട്ടിക്ക് സംഭവിക്കുന്നത് ഇതാണ്'- എന്ന് പറഞ്ഞ് കൊണ്ടാണ് യരക്ക വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
വീഡിയോ വൈറലായതോടെ ഖ്വാദന് പിന്തുണയുമായി ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തി. ഓസ്‌ട്രേലിയയിലെ നാഷനല്‍ റഗ്ബി ലീഗ് അംഗങ്ങളും ഹോളിവുഡ് താരങ്ങളും നേതാക്കളും ഖ്വാദനെ ആശ്വസിപ്പിച്ച് ട്വീറ്റുകള്‍ ഇട്ടു.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ നടന്‍ ഗിന്നസ് പക്രുവും ഖ്വാദനെ ആശ്വസിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുകയാണ്.
'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോള്‍ ...നിന്റെ 'അമ്മ തോല്‍ക്കും .........
ഈ വരികള്‍ ഓര്‍മ്മ വച്ചോളു .
'ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ '
- ഇളയ രാജ -
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്' -എന്നാണ് പക്രു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഖ്വാദന്റെ വീഡിയോയും പക്രു പങ്കുവച്ചിട്ടുണ്ട്.