തമിഴ് സൂപ്പര്‍ താരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിന് പിന്തുണയറിയിച്ച് ആരാധകര്‍. #WeStandWithTHALAPATHY എന്ന ഹാഷ്ടാഗില്‍ ട്രോളുകളും പ്രതിഷേധങ്ങളും രേഖപ്പെടുത്തുകയാണ് വിജയ് ആരാധകരും അഭ്യുദയകാംക്ഷികളും.
വിജയ്‌യ്‌ക്കെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരാധകരുടെ ആരോപണം. സര്‍ക്കാരിനെയും ചില രാഷ്ട്രീയ പാര്‍ടികളെയും വിമര്‍ശിച്ച് കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് നടപടിക്ക് കാരണമെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കുറിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ട്രോളുകളും കാണാം.
പതിനായിരക്കണക്കിന് ട്വീറ്റുകളാണ് #WeStandWithTHALAPATHY എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ നിറയുന്നത്. സര്‍ക്കാരിനെതിരെയുള്ള വിജയ് ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ചതും വിജയ്‌യുടെ മാസ് സീനുകളുമൊക്കെയാണ് മിക്ക ട്രോളുകളും. മലയാളികളും ട്രോളുകളുമായി രംഗത്തുണ്ട്.
ഇന്നലെ വൈകിട്ടാണ് ആദായ നികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. പുതിയ ചിത്രമായ മാസ്റ്ററിന്റെ നെയ്‌വേലിയിലെ ലൊക്കേഷനില്‍ വച്ചാണ് ഉദ്യോഗസ്ഥര്‍ വിജയ്‌യെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.