ഓസ്‌കറില്‍ നാല് അവാര്‍ഡുകളുമായി ചരിത്ര വിജയം നേടിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ അവാര്‍ഡുകളാണ് ചിത്രം കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ഇംഗ്ലിഷ് ഇതര ചിത്രം കൂടിയാണ് പാരസൈറ്റ്.
തന്റെ ഓസ്‌കര്‍ സന്തോഷത്തില്‍ പാരസൈറ്റിന്റെ സംവിധായകന്‍ ബോങ് ജൂന്‍ ഹോ രസകരമായ പ്രസംഗമാണ് വേദിയില്‍ നടത്തിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ശേഷം 'ഞാന്‍ ഇന്ന് രാത്രിവരെ വെള്ളമടിക്കും' എന്നാണ് ബോങ് ജൂന്‍ പ്രസംഗിച്ചത്. എന്നാല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം കൂടെ തനിക്ക് ലഭിച്ചപ്പോള്‍ 'ഞാന്‍ നാളെ വെളുക്കും വരെ വെള്ളമടിക്കാന്‍ പോവുകയാണ്' എന്ന് തിരുത്തി പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കാറിന് കൂടി വേദിയിലെത്തിയപ്പോള്‍ അദ്ദേഹം സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടി.
ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയക്കാരനാണ് ബോങ് ജൂന്‍ ഹോ. പ്രസംഗത്തിനിടെ മാര്‍ട്ടിന്‍ സ്‌കോര്‍സെയെ പരാമര്‍ശിച്ച ബോങ് ജൂണിന് കാണികള്‍ക്കിടയില്‍ നിന്ന് നിറഞ്ഞ കയ്യടി ലഭിച്ചു. താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെയുടെ ചിത്രങ്ങള്‍ പഠിച്ചിരുന്നെന്നും ഇവിടേക്ക് നോമിനേഷന്‍ ലഭിച്ചത് തന്നെ വലിയ അംഗീകാരമാണെന്നും വിജയപ്രതീക്ഷ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ക്വിന്റിന്‍ ടൊറാന്റീനോയുടെ പേരും ബോങ് എടുത്ത് പറഞ്ഞു. 'യു.എസിലെ ജനങ്ങള്‍ക്ക് എന്റെ ചിത്രങ്ങള്‍ പരിചിതമല്ലാത്തപ്പോഴും ടൊറാന്റിനോ അദ്ദേഹത്തിന്റെ ഇഷ്ട ചിത്രങ്ങളില്‍ എന്റെ സിനിമകളും ഉള്‍പ്പെടുത്തി. അദ്ദേഹം ഇവിടെയുണ്ട്. നന്ദി ടൊറാന്റിനോ. ഐ ലവ് യൂ.'- അദ്ദേഹം പറഞ്ഞു.
മെമ്മറീസ് ഓഫ് മര്‍ഡര്‍, മദര്‍, ദി ഹോസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍പ് തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ബോങ് ജൂ ഹോ.