മലയാളികള്‍ ഇന്നും ഓര്‍ത്ത് ചിരിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കുതിരവട്ടം പപ്പു. കാട്ടുപറമ്പനെയും ഡ്രൈവര്‍ സുലൈമാനെയും മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. പപ്പുവിന്റെ 20-ാം ചരമവാര്‍ഷികമാണിന്ന്.
അച്ഛന്റെ ചരമവാര്‍ഷികത്തില്‍ ഓര്‍മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പപ്പുവിന്റെ മകന്‍ ബിനു പപ്പു. 'നിങ്ങളെ ഓര്‍ക്കുന്നത് എളുപ്പമാണ്, അത് ഞാന്‍ ദിവസവും ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളെ മിസ് ചെയ്യുക എന്നത് വേദനയാണ്. അത് ഒഴിവാക്കാനാവില്ല. മിസ് യു അച്ഛാ.' - എന്നാണ് ബിനു പപ്പു കുറിച്ചത്. മിന്നാരത്തിലെ പപ്പുവിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ബിനുവിന്റെ കുറിപ്പ്.
പത്മദളാക്ഷന്‍ എന്നായിരുന്നു പപ്പുവിന്റെ ആദ്യ പേര്. കോഴിക്കോട് നാടകവേദികളില്‍ സജീവമായിരുന്ന പത്മദളാക്ഷന്‍ മൂടുപടം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രം രംഗത്തെത്തിയത്. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ രചിച്ച ഭാര്‍ഗവീനിലയമാണ് പത്മദളാക്ഷനെ പപ്പുവാക്കിയത്.
മണിച്ചിത്രത്താഴിലെ കാട്ടുപറമ്പനും വെള്ളാനകളുടെ നാട്ടിലെ സുലൈമാനും തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഇന്നും ചിരിപ്പിക്കുകയാണ് പപ്പു. 37 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 1500-ലേറെ സിനിമകളില്‍ പപ്പു അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസിന്റെ നരസിംഹമാണ് പപ്പു അഭിനയിച്ച അവസാന സിനിമ.
പപ്പുവിന്റെ മകന്‍ ബിനു പപ്പുവും മലയാള സിനിമയില്‍ സജീവമാണ്. വൈറസ്, മായാനദി തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായ ബിനു സഖാവ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിള്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.