കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2-ന്റെ ലൊക്കേഷനിലുണ്ടായ അപകടം സിനിമാ ലോകത്തെ ആകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ശങ്കര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇപ്പോഴിതാ ആ സ്ഥലത്ത് നേരത്തെയും ഇത്തരം അപകടം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിഗില്‍ ചിത്രത്തിലെ നടി അമൃത. അവിടെ ഇനി ആരും ഷൂട്ടിംഗ് നടത്തരുതെന്നും സ്ഥലത്ത് എന്തോ നെഗറ്റീവ് വൈബ് ഉണ്ടെന്നും അമൃത ട്വിറ്ററില്‍ കുറിച്ചു.
'ഇത് വളരെ സങ്കടകരമാണ്. ആ സ്ഥലം ശരിക്കും ഭീകരമാണ്. ഇതേ തരത്തിലുള്ള ലൈറ്റ് മുമ്പ് ബിഗിലിന്റെ ഷൂട്ടിംഗിനിടെയും വീണിരുന്നു. അന്ന് ഞങ്ങളെല്ലാവരും ഞെട്ടിയിരുന്നു. ഇനിയും ആളുകള്‍ അവിടെ പോയി ഷൂട്ട് ചെയ്യരുതേ എന്ന് ആഗ്രഹിക്കുന്നു. അവിടെ ഒരു നെഗറ്റീവ് അന്തരീക്ഷമാണ്.' - അമൃത കുറിക്കുന്നു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. സഹസംവിധായകന്‍ കൃഷ്ണ, സെറ്റിലെ കാറ്ററിംഗ് സംഘത്തിലെ മധു, ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഒരു സീനില്‍ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുന്ന ടെന്റിന് മുകളിലേക്ക് വീഴുകയായിരുന്നു.