വലിയ ആരവങ്ങളൊന്നുമില്ലാതെ വന്ന് കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍'. ഒരു റോബോട്ടിന്റെ കഥ പറയുന്ന ചിത്രത്തില്‍ റോബോട്ട് ആയി വേഷമിട്ടത് നടന്‍ സൂരജ് ആണ്. റോബോട്ടിന്റെ അംഗചലനങ്ങളും നടത്തവും പ്രേക്ഷകര്‍ക്ക് സ്വീകാര്യമാവുന്ന തരത്തില്‍ കൃത്രിമത്വങ്ങളില്ലാതെ വളരെയധികം തന്മയത്വത്തോടെയാണ് സൂരജ് അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി റോബോട്ട് വേഷത്തില്‍ സൂരജ് അനുഭവിക്കേണ്ടി വന്ന കഷ്ടതകള്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകന്‍ രഞ്ജിത്ത് മഠത്തില്‍.
സൂരജിന്റെ അളവിലുള്ള റോബോട്ട് കോസ്റ്റിയൂം എത്തിയപ്പോഴേക്കും സൂരജ് തടി വച്ചതായും കോസ്റ്റിയൂമിന്റെ ഓരോ സ്‌ക്രൂ മുറുക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നിന്നതായും രഞ്ജിത്ത് കുറിപ്പിലൂടെ പങ്കുവെക്കുന്നു. സഹിക്കാന്‍ കഴിയുന്നതിലപ്പുറമുള്ള ചൂടും അഞ്ചരക്കിലോയോളും ഭാരവുമുള്ള സ്യൂട്ട് ധരിച്ച് ദിവസം മുഴുവന്‍ സൂരജ് കഴിയേണ്ടി വന്നെന്നും അതിനിടയിലും വേദന കടിച്ചമര്‍ത്തി സൂരജ് ചിരിച്ച് എല്ലാവരെയും ആശ്വസിപ്പിക്കാറുണ്ടായിരുന്നെന്നും കുറിപ്പില്‍ പറയുന്നു.
'ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ. സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.
ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കണമെങ്കിലോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്‍പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.
അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും- എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞ് അവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച്, എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും.' രഞ്ജിത്ത് കുറിക്കുന്നു.
ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോഴും അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണ് സൂരജ് എന്നും സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം: